HealthNationalNews

ആയുഷ്മാൻ ഭാരത് പദ്ധതി; 70 വയസിന് മുകളിലുള്ള പൗരന്മാർക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ

ന്യൂഡൽഹി: എഴുപതും അതിന് മുകളിലും പ്രായമുള്ള രാജ്യത്തെ എല്ലാ പൗരന്മാരെയും ദേശീയ ഇൻഷൂറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിന് കീഴിലാക്കി കേന്ദ്ര സർക്കാർ. എഴുപതു വയസിനും അതിന് മുകളിലുമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും ഇനി കുടുംബാടിസ്ഥാനത്തിൽ സൗജന്യമായി അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷൂറൻസ് ഉറപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. മുതിർന്ന പൗരന്മാരുടെ വരുമാനം പരിഗണിക്കാതെ തന്നെ ഇവർക്ക് ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ക്യാബിനറ്റിൻ്റെ തീരുമാനം രാജ്യമെമ്പാടുമുള്ള 4.5 കോടി കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 70 വയസും അതിന് മുകളിലും പ്രായമുള്ള എല്ലാ പൗരന്മാർക്കും അവരുടെ സാമൂഹിക സാമ്പത്തിക അവസ്ഥകൾ പരിഗണിക്കാതെ തന്നെ ആയുഷ്മാൻ ഭാരതിന് കീഴിൽ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ടെന്നും കേന്ദ്ര സർക്കാർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

നിലവിൽ ആയുഷ്മാൻ ഭാരതിന് കീഴിലുള്ള പൗരന്മാർക്ക് അഞ്ച് ലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും. അധികമായി ലഭിക്കുന്ന പരിരക്ഷ കുടുംബ്തിലെ 70 വയസിന് താഴെയുള്ള അംഗങ്ങൾക്ക് പങ്കിടാൻ കഴിയില്ല. കേന്ദ്ര ഗവൺമെൻ്റ് ഹെൽത്ത് സ്‌കീം (സിജിഎച്ച്എസ്), എക്‌സ് സർവീസ് മാൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്‌കീം(ഇസിഎച്ച്എസ്), ആയുഷ്മാൻ സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ്(സിഎപിഎഫ്) തുടങ്ങിയ മറ്റ് പാതു ആരോഗ്യ ഇൻഷൂറൻസ് സ്‌കീമുകളുടെ ആനുകൂല്യം നിലവിൽ ലഭിക്കുന്നവർക്ക് നിലവിൽ ലഭിക്കുന്ന സ്‌കീമുകളിൽ തുടരുകയോ അല്ലെങ്കിൽ ആയുഷ്മാൻ ഭാരത് തിരഞ്ഞെടുക്കുകയോ ചെയ്യാം. സ്വകാര്യ ആരോഗ്യ ഇൻഷൂറൻസ് പോളിസികളോ എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷൂറൻസ് സ്‌കീമിന് കീഴിലോ ഉള്ളവർക്കും ആയുഷ് മാൻ ഭാരത് പദ്ധതിക്ക് കീഴിൽ ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *