InternationalNews

ഇറാനിലേക്ക് ഇസ്രയേല്‍ വ്യേമാക്രമണം; തലസ്ഥാനത്തുള്‍പ്പെടെ സ്ഫോടനം

ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധം കടുക്കുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലുൾപ്പെടെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഒക്ടോബർ ഒന്നിന് ഇറാൻ ഇസ്രയേലിന് നേരെ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായാണ് ഇന്നത്തെ വ്യോമാക്രമണം. ഇറാന്റെ ആയുധ നിർമ്മാണ കേന്ദ്രങ്ങളിലേക്കായിരുന്നു ആക്രമണമെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്.

തിരിച്ചടി എന്തായാലും നേരിടാൻ സജ്ജമാണെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഇറാന്റെ നിരന്തര പ്രകോപനത്തിനുള്ള മറുപടിയാണിതെന്നും ഇസ്രയേൽ വ്യക്തമാക്കി. ടെഹ്‌റാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും ഉഗ്രസ്‌ഫോടനങ്ങളുണ്ടായി.

സ്‌ഫോടനത്തിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായതായിട്ടുണ്ട്. നിരവധി കെട്ടിടങ്ങൾ സ്‌ഫോടനത്തിൽ തകർന്നു. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇറാനിലെ സുപ്രധാന സൈനിക കേന്ദ്രങ്ങളിലാണ് ശക്തമായ വ്യോമാക്രമണം ഉണ്ടായത്.

ഇറാന്റെ സൈനിക കേന്ദ്രങ്ങൾ അടക്കം ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ ആക്രമണം വീണ്ടും യുദ്ധം രൂക്ഷമാക്കുന്നതിന് ഇടയാക്കും. പത്ത് സെക്കന്റിന്റെ വ്യത്യാസത്തിൽ ടെഹ്‌റാനിൽ മാത്രം അഞ്ചിലധികം വലിയ സ്‌ഫോടനങ്ങൾ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കയും ആക്രമണ വാർത്ത സ്ഥിരീകരിക്കുന്നുണ്ട്. സ്വയം പ്രതിരോധത്തിന്റെ ഭാഗമായി ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇസ്രയേലിൻറെ ആക്രമണം നടന്നിട്ടുണ്ടെന്നും ഇസ്രയേലിനുനേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനുള്ള മറുപടിയാണിതെന്നും ദേശീയ സുരക്ഷ കൗണ്‌സിൽ വക്താവ് പറഞ്ഞു.

ഒക്ടോബർ ഒന്നിന് ഇസ്രയേലിന് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇസ്രയേലിൽ ഇറാൻ നടത്തിയ അപ്രതീക്ഷിത മിസൈൽ ആക്രമണത്തിൽ കാര്യമായ ആളപായം ഉണ്ടായില്ലെങ്കിലും വലിയ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *