അബൂദബി: ഔദ്യോഗിക സന്ദർശനത്തിനായി അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആല്‍ നഹ്യാൻ ഞായറാഴ്ച ഇന്ത്യയിലെത്തും.ഡല്‍ഹിയിലെത്തുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് വാർത്ത ഏജൻസി വാം റിപോർട്ട് ചെയ്തു.
വിവിധ വകുപ്പ് മന്ത്രിമാർ, ഉയർന്ന ഉദ്യോഗസ്ഥർ, ബിസിനസ് നേതാക്കള്‍, യു.എ.ഇയിലെ സാമ്പത്തിക രംഗത്തെ പ്രമുഖ പങ്കാളികള്‍ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടാകും. ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാര-വാണിജ്യ ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ് സന്ദർശന ലക്ഷ്യം.
ഇതിന്‍റെ ഭാഗമായി ഇന്ത്യയിലെ വിവിധ വകുപ്പ് തലവന്മാരുമായും അദ്ദേഹം ചർച്ച നടത്തും. യു.എ.ഇയും ഇന്ത്യയും പങ്കിടുന്ന സാമ്പത്തിക സാംസ്കാരിക ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന നിരവധി പരിപാടികളിലും കിരീടാവകാശി പങ്കെടുക്കും. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) യാഥാർഥ്യമായതോടെ പ്രധാന സാമ്പത്തിക മേഖലകളില്‍ ഇരു രാജ്യങ്ങളും ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്.
ഈ വർഷം ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ യു.എ.ഇ സന്ദർശനത്തില്‍ നിരവധി കരാറുകളില്‍ ഒപ്പുവെച്ചിരുന്നു. കൂടാതെ രൂപയില്‍ ഇടപാട് നടത്താൻ കഴിയുന്ന ‘ജയ്വാൻ ഡെബിറ്റ്’ കാർഡ് പ്രധാനമന്ത്രിയും യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല്‍ നഹ്യാനും ചേർന്ന് പുറത്തിറക്കുകയും ചെയ്തിരുന്നു.