തിരുവനന്തപുരം: വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി കേരളം. കേന്ദ്ര വ്യവസായ മന്ത്രാലയത്തിന്റെ വ്യവസായ പരിഷ്കരണ കർമ്മപദ്ധതിയുടെ (ബി ആർ എ പി) കീഴിൽ പുറത്തിറക്കിയ 2022ലെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിങിലാണ് സംസ്ഥാനം കേരളം മികച്ച നേട്ടം കൈവരിച്ചത്. ആദ്യമായാണ് വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം ഒന്നാം നിരയിൽ എത്തുന്നത്. 2020 ഇൽ 28 ആം സ്ഥാനത്തും 2021 ൽ 15 ആം സ്ഥാനത്തും ആയിരുന്നു കേരളം. കേരളത്തിൻറെ നേട്ടം അഭിമാനകരമാണെന്ന് വ്യവസായമന്ത്രി മന്ത്രി പി. രാജീവ് പറഞ്ഞു.
വ്യവസായ, പൗരസേവന പരിഷ്കാരങ്ങൾ, ഓൺലൈൻ ഏകജാലക സംവിധാനമടക്കം ഒൻപത് കാറ്റഗറികളിൽ മികച്ച സ്ഥാനമുറപ്പിച്ച് (ടോപ്പ് അച്ചീവർ) ആയതാണ് കേരളത്തിൻറെ നേട്ടം. ഇവയ്ക്ക് 95 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു. സംരംഭകരുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്താണ് റാങ്കിങ്.
വ്യവസായ പരിഷ്ക്കാര കർമപദ്ധതി പ്രകാരം ഓരോ സംസ്ഥാനവും സ്വീകരിക്കുന്ന നടപടികൾ പരിഗണിച്ചാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടിക തയ്യാറാക്കുന്നത്. ഇതിനായി പരിഗണിച്ച 30 സൂചികകളിൽ ഒമ്പതിലും കേരളത്തിന് മുൻനിരയിൽ എത്താനായി.
ബി ആർ എ പി 2022-ൻ്റെ ഭാഗമായ 25 പരിഷ്കാരങ്ങളിൽ ഏതെങ്കിലും ഒരു പരിഷ്കാരത്തിൽ 95 ശതമാനം ഉയർന്ന നേട്ടം കൈവരിച്ചതാണ് റാങ്കിംഗ് മാനദണ്ഡമായി തെരഞ്ഞെടുത്തത്. കേരളത്തെ കൂടാതെ ആന്ധ്രപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ത്രിപുര, ഉത്തർപ്രദേശ്, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, ഒഡീഷ, അസം, ദാദ്ര & നഗർ ഹവേലി & ദാമൻ ദിയു, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, പഞ്ചാബ്, തെലങ്കാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളെല്ലാം മികച്ച പ്രകടനം നടത്തി.
വ്യവസായ, പൗരസേവന പരിഷ്കാരങ്ങൾ, യൂട്ടിലിറ്റി പെർമിറ്റുകൾ അനുവദിക്കൽ, നികുതി അടയ്ക്കലിലെ പരിഷ്കാരങ്ങൾ, ഓൺലൈൻ ഏകജാലക സംവിധാനം, നഗര തദ്ദേശ സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റ് വിതരണ പ്രക്രിയ ലഘുകരണം, റവന്യു വകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റുകൾ മികച്ച പൊതുവിതരണ സംവിധാനം, മികച്ച ഗതാഗത സംവിധാനം, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പ്രവർത്തനം എന്നീ 9 മേഖലകളിലാണ് കേരളം സ്ഥാനം മെച്ചപ്പെടുത്തിയത്.