
വിജയ് ചിത്രം ‘ഗോട്ട്’ (GOAT) തിയറ്ററുകളില്‍. വെങ്കട് പ്രഭു സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ ഷോ പൂര്‍ത്തിയാകുമ്പോൾ സോഷ്യല്‍ മീഡിയയില്‍ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
പ്രതീക്ഷയ്ക്കൊത്തു ഉയരാന്‍ സിനിമയ്ക്കു സാധിച്ചിട്ടില്ലെന്നും തരക്കേടില്ലാത്ത സിനിമാറ്റിക് എക്സ്പീരിയന്‍സ് ആണെന്നും രണ്ട് അഭിപ്രായങ്ങളാണ് ആദ്യ മണിക്കൂറുകളില്‍ കേള്‍ക്കുന്നത്. സിനിമ ശരാശരി മാത്രമാണെങ്കിലും വിജയ് പ്രകടനം കൊണ്ട് ഞെട്ടിച്ചെന്ന് അഭിപ്രായമുള്ളവരും ഉണ്ട്.
വിജയ് എന്ന സൂപ്പര്‍ താരത്തിൻെറ് പ്രകടനം കൊണ്ട് മാത്രം ഗോട്ട് രക്ഷപ്പെടുന്നില്ല. ശരാശരിയില്‍ ഒതുങ്ങിയ ആദ്യ പകുതി പ്രേക്ഷകരെ മുഷിപ്പിക്കുന്നു. തിരക്കഥയാണ് സിനിമയ്ക്കു തിരിച്ചടിയായത് ഒരു പ്രേക്ഷകന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ചില ആക്ഷന്‍ രംഗങ്ങള്‍ ഒഴികെ മറ്റൊന്നും എടുത്തുപറയാനില്ലെന്നും കണ്ടുശീലിച്ച തമിഴ് പടങ്ങളുടെ ടെംപ്ലേറ്റ് തന്നെയാണെന്നും മറ്റൊരു പ്രേക്ഷകന് എക്സ് പ്ലാറ്റ്ഫോമില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ദളപതിയുടെ പ്രകടനം മാത്രം കാണാന്‍ ടിക്കറ്റെടുക്കാമെന്ന് പറയുന്നവരും ഉണ്ട്.
സ്ഥിരതയില്ലാത്ത തിരക്കഥയെന്നാണ് ചിലരുടെ വിമര്‍ശനം. പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പാകത്തിനു ഒന്നും സിനിമയില്‍ ഇല്ല. വിജയ് മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. എന്നാല്‍ തിരക്കഥയും സംവിധാനവും നിരാശപ്പെടുത്തിയെന്നും പ്രേക്ഷകര്‍ പറയുന്നു. എന്തായാലും ബോക്സ്ഓഫീസില്‍ ഗോട്ട് വന്‍ തരംഗമാകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും എവിടെയും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. അന്തരിച്ച നടന് വിജയകാന്ത് ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.