ദുരന്ത ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒക്കെ തൽക്കാലം ഒരു ഇടവേള കൊടുത്തിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിന് ഇപ്പോൾ ആവശ്യം അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിച്ച് അവരുടെ കളി നേരിട്ട് കാണുക എന്നതാണത്രെ. ആ വലിയ ലക്ഷ്യത്തിന്റെ ഭാഗമായി അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാനായി യാത്ര തിരിച്ചിരിക്കുകയാണ് സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്മാൻ.
എന്നാല്‍, പാരിസ് ഒളിമ്പിക്സില്‍ മലയാളികളുടെ അഭിമാനം വാനോളമുയര്‍ത്തിയ ഇന്ത്യന്‍ ഹോക്കി താരം പി ആര് ശ്രീജെഷിനെ ക്ഷണിച്ചു വരുത്തി അപമാനിച്ചുവിട്ട അതെ വി അബ്ദുറഹ്മാൻ തന്നെയാണ് അർജന്റീന ഫുട്ബോൾ ടീമിനെ ക്ഷണിക്കാന്‍ സ്പെയിനിലേക്ക് പറന്നിരിക്കുന്നത്. ഇക്കഴിഞ്ഞ പാരിസ് ഒളിമ്പിക്സില്‍ പി ആര് ശ്രീജേഷ് ഗോള്‍കീപ്പറായ ഇന്ത്യന്‍ ടീം വെങ്കല മെഡല്‍ നേടിയിരുന്നു. വമ്പന്‍ സ്വീകരണമാണ് ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ വരെ ഹോക്കി ടീമിനു ലഭിച്ചത്.
അതിനാല്‍ തന്നെ കേന്ദ്രം പൊന്നാട കൊടുത്ത സ്ഥിതിക്ക് ഒരു പൂവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കൊടുക്കണമല്ലോ. അതിനാല്‍ പി ആര് ശ്രീജെഷിനെ ആദരിക്കാന്‍ കുടുംബസമേതം സംസ്ഥാന സര്‍ക്കാര്‍ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ വെറും ഈഗോയുടെ പേരില്‍ പി ആര് ശ്രീജെഷിനെ വിളിച്ചുവരുത്തി അപമാനിച്ചു വിട്ടതാണ് കേരളം പിന്നീട് കണ്ടത്. പി ആര് ശ്രീജെഷിനെ ക്ഷണിച്ചത് മന്ത്രി വി ശിവന് കുട്ടിയുടെ വകുപ്പാണെന്നും തന്നെ ഒന്നും അറിയിച്ചില്ല എന്നായിരുന്നു അബ്ദു റഹ്മാന്റെ കരച്ചില്. എന്നാല്‍ മന്ത്രി സങ്കടം മാറ്റിയതോ പരിപാടി റദ്ദ് ആക്കിയ കാര്യം പി ആർ ശ്രീജേഷിനെ അറിയിക്കാതെയും ആയിരുന്നു. അങ്ങനെ സംസ്ഥാന സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് എത്തിയ പി ആർ ശ്രീജേഷ് അപമാനിതനായി മടങ്ങി. പി ആർ ശ്രീജേഷിന് കൈ കൊടുക്കാത്ത ആ അബ്ദു റഹ്മാനാണ് അർജന്റീന ടീമിനെ കേരളത്തിലേക്ക് എത്തിക്കുമെന്ന ഉറപ്പ് മുഖ്യന് നൽകി പറന്നിരിക്കുന്നത്.
എന്നാൽ ഇതിന് പിന്നിൽ മറ്റൊരു ലക്ഷ്യവും കായിക മന്ത്രിക്ക് ഉണ്ടോയെന്നും സംശയമുയരുന്നുണ്ട്. കാരണം പി വി അൻവറിനെ അനുനയിപ്പിക്കാനായി മുഖ്യമന്ത്രി, മന്ത്രി കസേരയാണ് എം എൽ എയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ പി വി അൻവറിന് മന്ത്രിക്കസേര കിട്ടിയാൽ തെറിക്കാൻ പോകുന്നത് വി അബ്ദുറഹ്മാന്റെ കസേരയായിരിക്കും. അതിനാൽ തന്നെ തന്റെ കസേര സംരക്ഷിക്കാൻ ഇനി മെസ്സിയെ അല്ല സാക്ഷാൽ ഈശോ മിശിഹായെ വരെ കേരളത്തിൽ കൊണ്ടുവരുമെന്ന ഉറപ്പ് അബ്ദു റഹ്മാൻ മുഖ്യന് നല്കിയിരിക്കും.
അതേസമയം, കഴിഞ്ഞ ലോകകപ്പ് കിരീടം അർജന്റീന ടീം നേടിയപ്പോൾ തന്നെ കേരള സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള കാര്യമാണ് അർജന്റീന ടീമിനെ കേരളത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുമെന്ന്. ഇനിയിപ്പോള്‍ പറഞ്ഞ വാക്കുകൾ എന്ത് വിലകൊടുത്തും പാലിക്കുന്ന എൽഡിഎഫ് സർക്കാർ, അർജന്റീന ടീമിനെയും കൊണ്ടേ കേരളത്തിലേക്ക് വരുകയുള്ളു എന്നത് ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ.