നിർമല സീതാരാമൻ കനിഞ്ഞു: 4200 കോടി കൂടി കടമെടുക്കാൻ കേരളത്തിന് അനുമതി

ഓണച്ചെലവുകള്‍ക്ക് പണം കണ്ടെത്താനാകുമെന്ന ആശ്വാസത്തില്‍ സംസ്ഥാന സർക്കാർ

Nirmala Sitharaman and KN Balagopal
Nirmala Sitharaman and KN Balagopal

തിരുവനന്തപുരം: കേരളത്തിന് ആശ്വാസമായി കടമെടുക്കാൻ കേന്ദ്രാനുമതി. 4200 കോടി രൂപ വായ്പയെടുക്കാനാണ് അനുമതി. ഇതോടെ ഓണച്ചെലവുകൾക്ക് പണം കണ്ടെത്താനാകുമെന്ന ആശ്വാസത്തിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.

ഈ വർഷം ആകെ 37,512 കോടി രൂപയാണ് കടമെടുക്കാൻ കേന്ദ്രം അനുവദിച്ചിരുന്നത്. ഇതിൽ 21,253 കോടി രൂപ ഡിസംബർ വരെ എടുക്കാനായിരുന്നു അനുമതി. ജനുവരി മുതൽ മാർച്ച് വരെയാണു ശേഷിക്കുന്ന തുക എടുക്കാനാവുക.

എന്നാൽ, ഡിസംബർ വരെയുള്ള കടമെടുപ്പ് പരിധി ആഗസ്റ്റിൽ തന്നെ കടന്ന അവസ്ഥയിലായിരുന്നു കേരളം. 21,253 കോടി രൂപയും സംസ്ഥാന സർക്കാരിനു കടമെടുക്കേണ്ടി വന്നു. ജനുവരി മാർച്ച് കാലയളവിലേക്കു കടമെടുക്കാനായി മാറ്റിവച്ചിരിക്കുന്ന തുകയിൽ നിന്ന് 5,000 കോടി രൂപ മുൻകൂർ വായ്പയെടുക്കാനാണ് കേന്ദ്രത്തിന്റെ അനുമതി കേരളം തേടിയത്. തൽക്കാലം 4,200 കോടി രൂപ കടമെടുക്കാൻ അനുമതി നൽകുകയായിരുന്നു. ഈ മാസം 10ന് ഇതിൽ നിന്ന് ആവശ്യമായ തുക വായ്പയെടുത്ത് ഓണച്ചെലവുകൾക്കായി പണം കണ്ടെത്തും.

ശമ്പളവും പെൻഷനും ബോണസും ഉത്സവബത്തയും ക്ഷേമ പെൻഷനും അടക്കം ഓണത്തിന് 20,000 കോടിയോളം രൂപയുടെ ചെലവാണു സർക്കാർ പ്രതീക്ഷിക്കുന്നത്. നികുതി അടക്കമുള്ള മറ്റു വരുമാനങ്ങളിൽ നിന്നാണു ബാക്കി തുക കണ്ടെത്തുക. കഴിഞ്ഞ വർഷത്തെപ്പോലെ ഇക്കുറിയും ബോണസും ഉത്സവബത്തയും അടക്കമുള്ള ആനുകൂല്യങ്ങൾ നൽകാനാണ് ഇതുവരെയുള്ള ധാരണ. സഹകരണ ബാങ്കിൽ നിന്ന് 1,000 കോടി രൂപ വായ്പയെടുത്ത് ഒന്നോ രണ്ടോ മാസത്തെ ക്ഷേമ പെൻഷൻ കുടിശിക നൽകും. ഓണത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശികയിൽ ഒരു പങ്ക് നൽകണമെന്ന ആവശ്യം സംഘടനകൾ ഉന്നയിച്ചിട്ടുണ്ട്.

വയനാട് ദുരന്തത്തിൽപെട്ടവരെ സഹായിക്കുന്നതിനായി സാലറി ചാലഞ്ച് വഴി 500 കോടി രൂപ ലഭിക്കുമെന്നായിരുന്നു സർക്കാരിന്റെ പ്രതീക്ഷയെങ്കിലും 200 കോടി രൂപ പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാൽ, പൊതുജനങ്ങളിൽ നിന്നും പ്രമുഖരിൽ നിന്നും 317 കോടി ലഭിച്ചു.

5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments