
ലോക കേരള സഭ പ്രചാരണം: 33.52 ലക്ഷം അനുവദിച്ച് കെ.എൻ. ബാലഗോപാൽ
ലോക കേരളസഭ പ്രചാരണത്തിന് ചെലവായ 33.52 ലക്ഷം അനുവദിച്ച് കെ.എൻ. ബാലഗോപാൽ. ഹോർഡിംഗ്സ്, ബോർഡ്സ്, റയിൽവേ എൽഇഡി, കിയോസ്ക് എയർപോർട്ട് ടെർമിനൽ എന്നീ പ്രചാരണങ്ങൾക്ക് ആണ് 33.52 ലക്ഷം ചെലവായത്. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് പണം അനുവദിച്ചത്.
ഈ മാസം 23ന് പി.ആർ.ഡിയിൽ നിന്നും ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങി. ലോക കേരള സഭക്കായി കോടികളാണ് വിവിധ ഇനങ്ങളിലായി ചെലവഴിക്കുന്നത്. നാലാം ലോക കേരള സഭയാണ് ഈ വർഷം ജൂണിൽ നടന്നത്.

ലോക കേരള സഭ പ്രചരണത്തിന് പുറമെ സംസ്ഥാന സർക്കാരിൻ്റെ ഒന്നാം വാർഷികത്തിന് ചെലവായ തുകയിൽ ഇനിയും കൊടുക്കാനുള്ള 30.49 ലക്ഷവും അനുവദിച്ചിട്ടുണ്ട്. രണ്ടാം വാർഷിക പരിപാടിയുമായി ബന്ധപ്പെട്ട കോട്ടയം ജില്ലാ സംഘാടനത്തിന് ചായ കുടിച്ച വകയിൽ 22,000 രൂപയും അനുവദിച്ചിട്ടുണ്ട്.
പി.ആർ ക്യാമ്പയിൻ ശീർഷകത്തിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. 4.61 കോടിയാണ് ഈ സാമ്പത്തിക വർഷം പി.ആർ ക്യാമ്പയിനായി ബജറ്റിൽ വകയിരുത്തിയത്.