Kerala Government News

ശാരദാ മുരളീധരൻ അടുത്ത ചീഫ് സെക്രട്ടറി!

തിരുവനന്തപുരം: ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഡോ. വി. വേണു ആഗസ്റ്റ് 31ന് വിരമിക്കുന്നതോടെ പിൻഗാമിയായി പ്ലാനിങ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വി വേണുവിന്റെ ഭാര്യയാണ് ശാരദാ മുരളീധരന്‍. 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരാണ് ഇരുവരും.

2025 ഏപ്രില്‍ മാസം വരെ ശാരദ മുരളീധരന് കാലാവധിയുണ്ട്. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള മനോജ് ജോഷി ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ തയ്യാറാകാതിരുന്നതോടെയാണ് ഡോ. വേണുവിന് ചീഫ് സെക്രട്ടറിയാകാന്‍ അവസരം ലഭിച്ചത്. 2027 ജനുവരി വരെ മനോജ് ജോഷിക്ക് കാലാവധി ഉണ്ട്. സീനിയറായ മനോജ് ജോഷി കേന്ദ്ര ഡെപ്യൂട്ടേഷനില്‍ തുടരാൻ തീരുമാനിച്ചതോടെയാണ് വേണുവിന് പിന്നാലെ ശാരദ മുരധരന്‍ ചീഫ് സെക്രട്ടിയാകുന്നത്. 5 ലക്ഷം രൂപയാണ് ചീഫ് സെക്രട്ടറിയുടെ ശമ്പളം.

സംസ്ഥാനത്ത് ആദ്യമായാണ് ഭര്‍ത്താവിന് പിന്നാലെ ഭാര്യ ചീഫ് സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്. നേരത്തേയും ദമ്പതികള്‍ ചീഫ് സെക്രട്ടറിമാരായായിട്ടുണ്ട്. വി രാമചന്ദ്രന്‍ – പത്മാ രാമചന്ദ്രന്‍, ബാബു ജേക്കബ് – ലിസി ജേക്കബ് എന്നിവരെല്ലാം ചീഫ് സെക്രട്ടറിമാരായ ദമ്പതിമാരാണ്. സംസ്ഥാനത്തെ അന്‍പതാമത് ചീഫ് സെക്രട്ടറിയാണ് ശാരദാ മുരളീധരന്‍. സംസ്ഥാനത്തെ ആദ്യ വനിതാ ചീഫ് സെക്രട്ടറിയായിരുന്നു പത്മ രാമചന്ദ്രന്‍. ഈ സ്ഥാനത്ത് എത്തുന്ന അഞ്ചാമത്തെ വനിതയാണ് ശാരദാ മുരളീധരന്‍.

മുണ്ടുടുത്ത്, സദാപുഞ്ചിരിച്ച് നടക്കുന്ന, മലയാളത്തില്‍ ഒപ്പിടുന്ന ഐ.എ.എസുകാരനായ ഡോ. വി. വേണു ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചത് ഭരണസിരാകേന്ദ്രത്തിലെ ഒരു പുത്തന്‍ അനുഭവമായിരുന്നു. 1988-ലാണ് സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയത്. ഐ.ആര്‍.എസ്. ആണ് കിട്ടിയത്. ആഗ്രഹം ഉപേക്ഷിക്കാതെ 89 ല്‍ വീണ്ടും പരീക്ഷയ്ക്കിരുന്നു. 26-ാം റാങ്കുകാരനായി 1990-ലെ ഐ.എ.എസ്. ബാച്ചുകാരനായി, 91-ല്‍ തൃശ്ശൂര്‍ അസിസ്റ്റന്റ് കളക്ടറായിട്ടായിരുന്നു ആദ്യ നിയമനം. സര്‍വീസില്‍ വലിയൊരു പങ്ക് ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വേണു കോഴിക്കോടുള്‍പ്പെടെയുള്ള ജില്ലകളിലെ ടൂറിസം വികസനത്തിന് വഹിച്ച പങ്ക് വലുതാണ്.

ഇന്ത്യന്‍ വിനോദസഞ്ചാരത്തിന്റെ ടാഗ് ലൈനായി അറിയപ്പെട്ട ‘ഇന്‍െക്രഡിബിള്‍ ഇന്ത്യ’ എന്ന പരസ്യവാചകം സൃഷ്ടിച്ചത് കേന്ദ്രത്തില്‍ ടൂറിസം ഡയറക്ടറായിരിക്കുമ്പോള്‍ വേണുവാണ്. ലോക വിനോദസഞ്ചാരവിപണിയില്‍ കേരളത്തെ ഏതൊരു വിദേശരാജ്യത്തോടൊപ്പവും മത്സരിക്കാന്‍ പ്രാപ്തമാക്കിയതില്‍ പങ്കുവഹിച്ചതിലുള്ള പ്രധാനിയാണ് ഡോ. വേണു. നോര്‍ക്കയുടെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി. അതിനെ ആദ്യം നയിച്ചു. പ്രളയത്തിനുശേഷം കേരള പുനര്‍നിര്‍മാണത്തിനുള്ള റീ ബില്‍ഡ് കേരള മിഷന്റെ നേതൃത്വത്തില്‍ എത്തിയെങ്കിലും അഭിപ്രായവ്യത്യാസങ്ങള്‍ തുറന്നുപറഞ്ഞതോടെ ഇടയ്ക്കൊരു ചെറിയകാലം പ്രധാന പദവികളില്‍നിന്ന് വേണുവിന് മാറിനില്‍ക്കേണ്ടിയും വന്നു.

കേന്ദ്ര ടൂറിസം ഡെപ്യൂട്ടി സെക്രട്ടറി, സാംസ്‌കാരികവകുപ്പ് ജോയിന്റ് സെക്രട്ടറി, ഡല്‍ഹി നാഷണല്‍ മ്യൂസിയം തലവന്‍ തുടങ്ങിയ നിലകളില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലും പ്രവര്‍ത്തിച്ചു. നാഷണല്‍ മ്യൂസിയത്തെ നവീകരിച്ചതും ഒട്ടേറെ പുതിയ ഗാലറികള്‍ തുറന്നതും ഇക്കാലത്താണ്. നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് ചാന്‍സലറുടെ ചുമതലയുമുണ്ടായിരുന്നു.

മകള്‍ കല്യാണി നര്‍ത്തകിയാണ്. മകന്‍ ശബരി കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x