
ആലപ്പുഴയിൽ മദ്യം നൽകി ദളിത് യുവതിയെ പീഡിപ്പിച്ചതായി പരാതി. പാലക്കാട് സ്വദേശിയായ 19കാരിയാണ് പീഡിക്കപ്പെട്ടത്. ലോഡ്ജിലെത്തിച്ച് മദ്യം നൽകിയ ശേഷമായിരുന്നു പീഡനം. കേസിൽ ഭരണങ്ങാനം സ്വദേശി സബിൻ മാത്യുവിനെ അറസ്റ്റ് ചെയ്തു. ജോലി വാഗ്‌ദാനം ചെയ്താണ് ഇയാള്‍ ഇരയെ ആലപ്പുഴയിലെത്തിച്ചത്.
ആലപ്പുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ആയുർവേദ ഉത്പന്നങ്ങൾ വീടുകൾ തോറും കയറി വിൽക്കാൻ ജീവനക്കാരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് യുവതി ഇയാളെ വിളിച്ചത്. തുടർന്ന് കമ്പനിയുടെ ജനറൽ മാനേജരാണെന്ന് പരിചയപ്പെടുത്തിയ സബിൻ മാത്യു 14ന് ആലപ്പുഴയിൽ ഇന്റർവ്യൂന് എത്താൻ യുവതിയോട് ആവശ്യപ്പെട്ടു.

വൈകിട്ട് 5 മണിയോടെ ബസ് സ്റ്റാന്റിൽ എത്തിയ പെൺകുട്ടിയെ സ്റ്റാൻഡിന് സമീപമുള്ള ഹോംസ്റ്റേയില്‍ എത്തിച്ചു. അടുത്ത ദിവസം നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്നും അതുവരെ താമസിക്കാനായി ഹോട്ടലിൽ മുറിയും എടുത്ത് നൽകി. തുടർന്ന് രാത്രിയോടെ സബിൻ മാത്യു മദ്യവും ഭക്ഷണവും വാങ്ങി വന്നു. മദ്യം കഴിക്കാൻ കൂട്ടാക്കാത്ത പെൺകുട്ടിയെ നിർബന്ധിച്ച് മദ്യം കഴിപ്പിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടി വിവരം സുഹൃത്തിനെ വിളിച്ചറിയിക്കുകയും സുഹൃത്തിന്റെ ആലപ്പുഴയിലുള്ള ബന്ധുക്കൾ പൊലീസിനെ സമീപിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസെത്തി പ്രതി സിബിൻ മാത്യുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.