ഓണാഘോഷങ്ങള്‍ക്കായി ലണ്ടനില്ലെത്തിയ നടന്‍ ജോജുവിനെയും സഹപ്രവര്‍ത്തകരെയും കൊള്ളയടിച്ചു. ജോഷി സംവിധാനം ചെയ്യുന്ന ആന്റണി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു ജോജു.
‘ആന്റണി’ സിനിമയുടെ നിര്‍മാതാവ് ഐന്‍സ്റ്റീന്‍ സാക്ക് പോള്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷിജോ ജോസഫ് എന്നിവരുടെ പണവും പാസ്‌പോര്‍ട്ടുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ജോജുവിന്റെ 2000, ഐന്‍സ്റ്റീന്റെ 9000, ഷിജോയുടെ 4000 പൗണ്ട് വീതം ആകെ 15000 പൗണ്ടാണ് നഷ്ടപ്പെട്ടത്. ലണ്ടനിലെ ഒക്‌സ്‌ഫോഡിലെ ബിസ്റ്റര്‍ വില്ലേജില്‍ ഷോപ്പിങ് നടത്താന്‍ കയറിയപ്പോഴാണ് ഇവര്‍ സഞ്ചരിച്ച ഡിഫന്‍ഡര്‍ വാഹനത്തില്‍നിന്ന് പണം നഷ്ടപ്പെട്ടത്. ജോജുവിന് പിന്നീട് ഇന്ത്യന്‍ ഹൈകമീഷന്‍ ഇടപെടലിലൂടെ പുതിയ പാസ്‌പോര്‍ട്ട് ലഭ്യമായി.
ഷോപ്പിങ്ങിനെത്തിയപ്പോള്‍ കാര്‍ സമീപത്തെ പേ ആന്‍ഡ് പാര്‍ക്കിലാണ് നിര്‍ത്തിയിട്ടിരുന്നത്. കുറച്ച് സാധനങ്ങള്‍ വാങ്ങിയ ശേഷം ജോജു ജോര്‍ജ്, കല്യാണി പ്രിയദര്‍ശന്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ ഇവ കാറില്‍ കൊണ്ടു വെച്ചിരുന്നു. തിരികെ വീണ്ടും ഷോപ്പിങ് നടത്തി കാറിനരികില്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പണത്തിന് പുറമെ ഷോപ്പിങ് നടത്തിയ സാധനങ്ങള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയും നഷ്ടമായി.
വിലകൂടിയ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ ലഭിക്കുന്ന സ്ഥലമാണ് ബിസ്റ്റര്‍ വില്ലേജ്. ‘ആന്റണി’ ചിത്രത്തിന്റെ പ്രമോഷനും റോഥര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന വള്ളംകളിയിലും പങ്കെടുക്കാനാണ് താരങ്ങള്‍ ലണ്ടനില്‍ എത്തിയത്. ജോജു, കല്യാണി എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ചെമ്പന്‍ വിനോദ് സെപ്റ്റംബര്‍ അഞ്ചിന് മടങ്ങും.