- പിണറായിയുടെ പോസ്റ്ററും ക്ഷണകത്തും പ്രിൻ്റ് ചെയ്തതിന് 7.47 കോടി അനുവദിച്ചു; വയനാട് ദുരന്തത്തിനിടയിലും നവകേരള സദസിന് മുഖ്യമന്ത്രിയുടെ തലോടൽ!! പോസ്റ്റർ അടിച്ചത് 9 .16 കോടി രൂപയ്ക്ക്
വയനാട് ദുരന്തത്തിനിടയിലും നവകേരള സദസിന് മുഖ്യമന്ത്രിയുടെ തലോടൽ. മുഖ്യമന്ത്രിയുടെ പോസ്റ്ററും ക്ഷണകത്തും പ്രിൻ്റ് ചെയ്തതിന് തുക അനുവദിച്ചു.
ഈ മാസം 2 നാണ് പി.ആർ.ഡിയിൽ നിന്ന് തുക അനുവദിച്ച് ഉത്തരവിറങ്ങിയത്. 9.16 കോടി രൂപയ്ക്കാണ് മുഖ്യമന്ത്രിയുടെ പോസ്റ്ററും ക്ഷണകത്തും പ്രിൻ്റ് ചെയ്തത്. ഇതിൽ 1.68 കോടി 2024 മെയ് 4 ന് സി ആപ്റ്റിന് അനുവദിച്ചിരുന്നു. ബാലൻസ് തുക ഉടൻ അനുവദിക്കണമെന്ന് സി ആപ്റ്റ് സർക്കാരിന് കത്ത് നൽകിയിരുന്നു.
വയനാട് ദുരന്തത്തിൻ്റെ തിരക്കിനിടയിലും സി ആപ്റ്റിന് ഉടൻ പണം നൽകാൻ മുഖ്യമന്ത്രി പിആർഡി ഡയറക്ടർക്ക് നിർദ്ദേശം നൽകി. തുടർന്ന് ഈ മാസം 2 ന് ബാലൻസ് തുകയായ 7. 47 കോടി അനുവദിച്ച് ഉത്തരവിറങ്ങി.
ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും എത്തി ജനങ്ങളെ കാണുന്ന വിപുലമായ പരിപാടി ആയിരുന്നു നവകേരള സദസ് . 2023 നവംബർ 18 ന് തുടങ്ങിയ പരിപാടി 36 ദിവസം നീണ്ടുനിന്നു.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ വേണ്ടി ഒരു പുതിയ ബസ് തന്നെ വാങ്ങി. 1.50 കോടി രൂപയായിരുന്നു ബസിനും അഡീഷണൽ ഫിറ്റിംഗ്സിനും ചെലവായത്. പരിപാടിയിൽ വഴിയോരങ്ങളിൽ സമാധാനപരമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ സഖാക്കൾ ഓടിച്ചിട്ട് തല്ലിയതോടെ നവ കേരള സദസ് അടി സദസായി മാറി. സഖാക്കളുടെ അടിക്ക് രക്ഷാ പ്രവർത്തനം എന്ന ഓമനപേരാണ് മുഖ്യമന്ത്രി നൽകിയത്.
ഇതോടെ മുഖ്യമന്ത്രിയുടെ ഗൺമാനും ഹരം കയറി. ആലപ്പുഴ എത്തിയപ്പോൾ മുഖ്യമന്ത്രിയുടെ ഗൺമാൻ ഇറങ്ങി യൂത്ത് കോൺഗ്രസുകാരെ തല്ലി ചതച്ചു. അപ്പോഴും മുഖ്യമന്ത്രി ന്യായികരിച്ചു. ബസിന് കയറാൻ 10 ഓളം സ്കൂളിൻ്റെ മതിലും പൊളിച്ചു. ബസിൻ്റെ പുറകെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനവും അകമ്പടി ആയതോടെ ഇന്ധനത്തിന് മാത്രമായി ഖജനാവിൽ നിന്ന് ചെലവായത് കോടികൾ.
നവകേരള സദസിൻ്റെ പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും 35 ലക്ഷം രൂപ യാത്രപ്പടിയും എഴുതി എടുത്തു. നവ കേരള സദസ് കണ്ട് ജനം പൊറുതിമുട്ടി. ലോകസഭ തെരഞ്ഞെടുപ്പിൽ ജനം നന്നായിട്ട് പണി കൊടുത്തു. ആലത്തൂരിൽ മാത്രം സി പി എം ജയിച്ചു. 19 സീറ്റിലും ഗംഭീരമായി തോറ്റു. ലക്ഷകണക്കിന് വോട്ടിനാണ് ഓരോ സീറ്റിലും പരാജയപ്പെട്ടത്.
പരാജയം വിലയിരുത്തിയ സിപിഎം തോൽവിയുടെ കാരണങ്ങളിൽ ഒന്നായി നവകേരള സദസിനേയും വിലയിരുത്തി. തൻ്റെ കുഞ്ഞായ നവകേരള സദസിനെ തള്ളി പറയാത്തത് പിണറായി മാത്രമായി. സാമ്പത്തിക പ്രതിസന്ധിക്കിടയിലും നവകേരള സദസിന് കൊടുക്കാൻ ഉള്ള പണം ആണെങ്കിൽ ഉടൻ ഉത്തരവിറക്കാനാണ് മുഖ്യമന്ത്രിയുടെ കൽപന. അതുകൊണ്ട് തന്നെയാണ് വയനാട് ദുരന്തത്തിൻ്റെ സമയത്തും സിആപ്റ്റിന് 7.47 കോടി കിട്ടിയത്.