തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയത്തില്‍ ഭാഗീകമായ മാറ്റം വരുത്താന്‍ ശിപാര്‍ശ. ഒന്നാം ഉള്‍പ്പെടെയുള്ള ഡ്രൈഡേയിലെ മദ്യവിതരണത്തിലാണ് ഉപാധികളോടെ മാറ്റം വരുത്താന്‍ കരടില്‍ ശിപാര്‍ശയുള്ളത്.
ഒന്നാം തീയതിയില് മദ്യവിതരണ കേന്ദ്രങ്ങള്‍ തുറക്കില്ലെങ്കിലും മൈസ് – ബിസിനസ്സ് ടൂറിസം സെന്ററുകള്‍, ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് കേന്ദ്രങ്ങള്‍, ഡെസ്റ്റിനേഷന്‍ വെഡിങ് എന്നിവിടങ്ങളില്‍ അന്നേ ദിവസം പ്രത്യേക ഇളവോടെ മദ്യവില്‍പ്പന അനുവദിക്കാമെന്നാണ് ശിപാര്‍ശ.
ഡ്രൈഡേയില്‍ എങ്ങനെ മദ്യവിതരണം വേണമെന്ന കാര്യത്തില്‍ ചട്ടങ്ങളുണ്ടാക്കും. ടൂറിസം മേഖലയ്ക്ക് കോടികളുടെ നഷ്ടമാണ് ഡ്രൈഡേ കാരണം ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഡ്രൈഡേയില്‍ മാറ്റം വരുത്തുന്നത്. ഉപാധികളോടെയാണ് മാറ്റമെങ്കിലും ഇനിമുതല്‍ ഒന്നാം തീയതികളിലും ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ക്ക് പുറത്ത് മദ്യവിതരണത്തിനുള്ള സാധ്യതകളാണ് തെളിഞ്ഞുവരുന്നത്.
സംസ്ഥാനത്ത് ബാറുടമകളുടെ ഏറെക്കാലത്തെ ആവശ്യാമായിരുന്നു ഡ്രൈ ഡേ സമ്പ്രദായം നീക്കണമെന്നത്. ഇവരുടെ ആഗ്രഹത്തിലേക്ക് സര്‍ക്കാര്‍ കരുക്കള്‍ നീക്കുകയാണെന്നാണ് കരടിലെ ശിപാര്‍ശയില്‍ നിന്ന് വ്യക്തമാകുന്നത്. സിപിഐഎമ്മിലെയും മുന്നണിയിലെയും ചര്‍ച്ചകള്‍ക്ക് ശേഷമാണ് നയം അന്തിമമാകുക. ഈ മാസം മന്ത്രിസഭയില്‍ നയത്തിന് അംഗീകാരം നേടാനാണ് എക്‌സൈസ് വകുപ്പിന്റെ ലക്ഷ്യം.