KeralaNews

ലൂർദ് പള്ളി കിരീടത്തിലെ സ്വർണത്തിന്റെ തൂക്കം അറിയാൻ അന്വേഷണ കമ്മിറ്റി

തൃശൂർ: തൃശുർ ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടത്തിലെ സ്വർണത്തിന്റെ തൂക്കം അറിയാൻ അന്വേഷണ കമ്മിറ്റി രൂപീകരിച്ചു. പള്ളി വികാരിയേയും ട്രസ്റ്റിയേയും കൈകാരന്മാരെയും ചേർത്തായിരുന്നു കമ്മിറ്റി രൂപീകരിച്ചത്. ഈ കമ്മിറ്റി കിരീടത്തിലെ സ്വർണത്തിന്റെ അളവ് ശാസ്ത്രീയമായി പരിശോധിക്കും.

കിരീടത്തിലെ സ്വർണത്തിന്റെ അളവ് കൃത്യമായി പരിശോധിച്ച് സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തിയില്ലെങ്കിൽ വരും കാല ഇടവക പ്രതിനിധികൾ കിരീടം പരിശോധിക്കുകയും ഇപ്പോഴത്തെ ട്രസ്റ്റിമാർക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്താൽ മറുപടി ഉണ്ടാകില്ലെന്നും ഒരു വിഭാഗം ഉയർത്തിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് കിരീടം ശാസ്ത്രീയമായി പരിശോധിക്കാൻ ധാരണയായത്.

ലൂർദ് പള്ളിയിൽ സുരേഷ് ഗോപി നൽകിയത് ചെമ്പിൽ സ്വർണ്ണം പൂശിയ കിരീടമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. തുടർന്ന് കിരീടത്തിൽ എത്ര സ്വർണ്ണമുണ്ടെന്ന് അറിയണമെന്ന് ആവശ്യപ്പെട്ട് തൃശൂർ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ ലീലാ വർഗീസും രംഗത്തെത്തി. ലൂർദ് ഇടവക പ്രതിനിധി യോഗത്തിലായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടത്. മകളുടെ വിവാഹത്തിന് മുന്നോടിയായിട്ടാണ് സുരേഷ് ഗോപി ലൂർദ് മാതാ ദേവാലയത്തിൽ കിരീടം സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *