കേരളഹൗസില്‍ ഇലയിട്ടു പക്ഷേ, ചോറില്ല; കെ.വി. തോമസ് ഉദ്ഘാടനം ചെയ്ത ഓണസദ്യയും പൊളിഞ്ഞു

ഓണസദ്യ കഴിക്കാന്‍ ക്ഷണിച്ചിട്ട് വെറുംവയറോടെ തിരികെ പോകുന്ന കാഴ്ച്ചകള്‍ തുടരുന്നു. നിയമസഭയ്ക്ക് പിന്നാലെ ഓണസദ്യ പാളിയിരിക്കുന്നത് ഡല്‍ഹിയിലെ കേരള ഹൗസിലാണ്. ഒട്ടേറെ അതിഥികള്‍ക്ക് മുന്നിലെ ഇലമാത്രം കണ്ട് എഴുന്നേറ്റ് പോകേണ്ടി വന്നു. ( Kerala House Onam Celebration and Onam Sadhya)

കേരള ഹൗസിലെ ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കളും സുഹൃത്തുക്കളും പ്രതീക്ഷിച്ചതിലും കൂടുതലും എത്തിയതിനാലാണ് കണക്കുകൂട്ടലുകള്‍ പാളിയതെന്നാണ് സംഘാടകര്‍ പറയുന്നത്. വിളിച്ചുവരുത്തി അപമാനിച്ചുവെന്ന വിഷമം വിവിധ മലയാളി സംഘടന നേതാക്കള്‍ക്കുണ്ട്. കഴിഞ്ഞതവണത്തെ കേരള ഹൗസ് ഓണാഘോഷവും വിവാദമായിരുന്നു.

1200 പേര്‍ക്കുള്ള സദ്യയാണ് വെള്ളിയാഴ്ച്ച തയ്യാറാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം മുതല്‍തന്നെ വൈകുകയായിരുന്നു. സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസായിരുന്നു ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങ് വൈകിയതോടെ സദ്യ വിളമ്പുന്നതും വൈകി. മൂന്ന് തട്ടിലായിരുന്നു സദ്യയൊരുക്കിയിരുന്നത്.

വി.വി.ഐ.പികള്‍ക്ക് കേരള ഹൗസിലെ മെയിന്‍ എന്‍ട്രി, വി.ഐ.പികള്‍ക്കായി കോണ്‍ഫറന്‍സ് മുറി, മറ്റുള്ളവര്‍ക്കായി പുറത്ത് പന്തല്‍. വി.വി.ഐ.പി, വി.ഐ.പി മുറികള്‍ക്ക് മുന്നില്‍ വന്‍ തിരക്കായതോടെ ആകെ ശ്വാസംമുട്ടലായി നിയന്ത്രണംതെറ്റി.

ആദ്യ രണ്ട് പന്തി കഴിഞ്ഞതോടെ സദ്യയുടെ താളംതെറ്റി. മൂന്നാംപന്തിമുതല്‍ പല വിഭവങ്ങളും വിളമ്പിനില്ലാതെയായി. അതിന് ശേഷമെത്തിയവര്‍ ഇലയിട്ട് ഒരുമണിക്കൂറോളം കാത്തിരുന്ന് വെറുംവയറോടെ എഴുന്നേറ്റുപോകേണ്ടി വന്നു. പുറത്ത് ആഞ്ഞു കൊട്ടിക്കൊണ്ടിരുന്ന ചെണ്ടമേളം കേട്ടുവെന്ന് ആശ്വാസിക്കുമായിരിക്കും. തിരക്ക് നിയന്ത്രണ വിധേയമായതോടെ പല അതിഥികളും സദ്യയുടെ അടുത്തേക്കു പോലും പോകാതെ തിരിച്ചുപോയി.

വിവിധി കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലും മന്ത്രാലയങ്ങളിലും ജോലി ചെയ്യുന്ന മലയാളികളായ ഉദ്യോഗസ്ഥര്‍, മലയാളികളായ പ്രമുഖര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കായിരുന്നു ഓണസദ്യയിലേക്കുള്ള പ്രത്യേക ക്ഷണം. മുന്‍കൂട്ടി നല്‍കിയ ക്ഷണക്കത്ത് കൊണ്ടുവരുന്നവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. എന്നാല്‍ കേരള ഹൗസിലെ ഉന്നതര്‍ പ്രത്യേകം വിളിച്ചവര്‍ യഥേഷ്ടം കടന്നുകൂടിയതോടെ കേരള ഹൗസിലെ ജീവനക്കാര്‍ക്കടക്കം ഭക്ഷണം ലഭിച്ചില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments