
കൊച്ചി സീറ്റ് ആവശ്യപ്പെട്ട് കെ.വി തോമസ്. മകൾ രേഖ തോമസിന് വേണ്ടിയാണ് കൊച്ചി സീറ്റ് കെ.വി. തോമസ് ആവശ്യപ്പെട്ടത്. മുൻ കോണ്‍ഗ്രസ് നേതാവിന്റെ ആവശ്യം പിണറായി അംഗീകരിച്ചെന്നാണ് അറിയുന്നത്. ഇതോടെ 2026 ൽ കൊച്ചിയിൽ രേഖാ തോമസ് എൽ.ഡി. എഫ് സ്ഥാനാർത്ഥിയാകും എന്ന് ഏതാണ്ട് ഉറപ്പായി.
കാല്‍ നൂറ്റാണ്ടായി വനിതകളെ സംഘടിപ്പിച്ചു കൊണ്ട് ചെറുകിട സംരംഭങ്ങള്‍ നടത്തുകയാണ് രേഖ തോമസ്. ചെറുകിട സംരംഭകയും ഓള്‍ കേരളാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമാണ് രേഖ.
2016 ൽ ഡൊമിനിക്ക് പ്രസൻ്റേഷനെ അട്ടിമറിച്ചാണ് സി.പി.എമ്മിൻ്റെ കെ.ജെ. മാക്സി കൊച്ചിയിൽ വിജയകൊടി പാറിച്ചത്. 2021 ൽ കെ.ജെ. മാക്സി ഭൂരിപക്ഷം ഉയർത്തി. കോൺഗ്രസിൻ്റെ ടോണി ചമ്മണിയെ ആണ് കെ.ജെ മാക്സി പരാജയപ്പെടുത്തിയത്. ഇദ്ദേഹം 2 ടേം പൂർത്തിയാക്കിയത് മുന്നിൽ കണ്ടാണ് കെ.വി തോമസ് മകൾക്ക് വേണ്ടി രംഗത്തിറങ്ങിയത്.

കെ.വി. തോമസിന്റെ ആവശ്യങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയൻ അനുഭാവപൂർവ്വമായ നിലപാടുകളാണ് സ്വീകരിച്ചുവരുന്നത്. തന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ശമ്പള കുടിശ്ശിക മുൻകാല പ്രാബല്യത്തോടെ പാസ്സാക്കിയെടുക്കാൻ കെ.വി. തോമസിന് സാധിച്ചിരുന്നു.
5,40,452 രൂപയായിരുന്നു പ്രൈവറ്റ് സെക്രട്ടറിയുടെ ശമ്പള കുടിശിക. കുടിശിക അനുവദിക്കാൻ മുഖ്യമന്ത്രി ധനമന്ത്രിക്ക് നിർദ്ദേശം നല്‍കിയിരുന്നു. 2024 ജനുവരി 1 നാണ് കെ.വി തോമസിന് പ്രൈവറ്റ് സെക്രട്ടറിയെ അനുവദിച്ചത്. പിണറായിയിൽ സ്വാധീനം ചെലുത്തി പ്രൈവറ്റ് സെക്രട്ടറി നിയമനം 2023 ജനുവരി മുതൽ മുൻകാല പ്രാബല്യത്തിൽ ആക്കി മാറ്റുകയായിരുന്നു.
ഒരു ജോലിയും ചെയ്യാതെ ഒരു വർഷത്തെ കുടിശിക പ്രൈവറ്റ് സെക്രട്ടറിക്ക് ലഭിക്കാൻ ഇത് വഴി സാധിച്ചു. സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വർഷത്തെ മുൻകാല പ്രാബല്യത്തിൽ പ്രൈവറ്റ് സെക്രട്ടറി നിയമനം കൊടുക്കുന്നത്. ക്യാബിനറ്റ് റാങ്കുള്ള കെ.വി തോമസിന് ഒരു ലക്ഷം രൂപയാണ് ഓണറേറിയം. ഓണറേറിയം ആയതു കൊണ്ട് പെൻഷനും കെ.വി തോമസിന് ലഭിക്കും. എം.പി. പെൻഷൻ, എം.എൽ.എ പെൻഷൻ, അധ്യാപക പെൻഷൻ എന്നീ 3 പെൻഷനുകൾ കെ.വി തോമസിന് ലഭിക്കുന്നുണ്ട്.
ഡൽഹിയിലും കേരളത്തിലും ഓഫിസും നൽകിയിട്ടുണ്ട്. പ്രൈവറ്റ് സെക്രട്ടറിയെ കൂടാതെ 4 സ്റ്റാഫുകളും അനുവദിച്ചിട്ടുണ്ട്. 2023 ഡിസംബർ വരെ 23.57 ലക്ഷം രൂപയാണ് കെ.വി തോമസിനും സ്റ്റാഫുകൾക്കുമായി ചെലവായത്. കാബിനറ്റ് റാങ്ക് ആയതു കൊണ്ട് ഡൽഹിയിലും കേരളത്തിലും വാഹനവും കെ.വി തോമസിന് അനുവദിച്ചിട്ടുണ്ട്. കാറിന് ഇന്ധനം നിറച്ച വകയിൽ 51 , 775 രൂപയും കെ.വി. തോമസിന് നൽകിയിട്ടുണ്ട്. ഡൽഹിയിലെ പ്രത്യേക പ്രതിനിധി എന്ന നിലയിൽ കെ.വി. തോമസിനെ കൊണ്ട് സംസ്ഥാനത്തിന് എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല.
അപ്പൻ മത്സരിച്ചാലും കൊള്ളാം മകൾ മത്സരിച്ചാലും കൊള്ളാം എട്ടു നിലയിൽ പൊട്ടും!തിരുതത്തോമായ്ക്കുവേണ്ടി ഖജനാവ് കൊള്ളയടിക്കുന്ന പിണറായിയുടെ കുടുംബസ്വത്തല്ല പാർട്ടി. ജനം കഴുതയല്ല!!!!!!