കോഴിക്കോട്: കോഴ ആരോപണത്തിൽപെട്ട് നിന്ന് പുറത്തായ ഏരിയ സെക്രട്ടറി പ്രമോദ് കോട്ടുളി പരാതിക്കാരനെന്ന് കരുതുന്നയാളുടെ വീടിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. രണ്ട് മണിക്കൂറോളം വീടിന് മുന്നിൽ പ്രതിഷേധിച്ചിട്ട് പ്രമോദ് മടങ്ങി.
സംഭവത്തില്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയ ചേവായൂര്‍ സ്വദേശി ശ്രീജിത്തിന്റെ വീടിന്‍റെ മുന്നിലാണ് സമരം നടത്തിയത്. എന്നാൽ ഈ സമയത്ത് വീട്ടുകാർ ഇവിടെ ഇല്ലായിരുന്നു
താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും തന്നെ അക്രമിക്കുകയാണെന്നും പ്രമോദ് പറഞ്ഞു. താന്‍ പാര്‍ട്ടിയെ വെല്ലുവിളിച്ചിട്ടില്ല. തന്‍റെ പാര്‍ട്ടി തോല്‍ക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ല.
പക്ഷെ സത്യാവസ്ഥ എന്റെ അമ്മയെ ബോധ്യപ്പെടുത്തണം. അതിനാണ് കുത്തിയിരിപ്പ് സമരം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ട്. അതു പുറത്തുകൊണ്ടുവരണമെന്നും പ്രമോദ് പറഞ്ഞു.
തന്നെ പുറത്താക്കിയ നടപടിയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. സംഘടനാപരമായി നടപടി അവര്‍ അറിയിക്കേണ്ടതാണ്. താന്‍ കോഴവാങ്ങിയെന്നാണ് ആരോപിക്കുന്നത്. തെറ്റ് ചെയ്തിട്ടില്ലെന്ന് തനിക്ക് അമ്മയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. കടുത്തജീവിത പ്രയാസങ്ങളിലൂടെയാണ് അമ്മ തന്നെ വളര്‍ത്തിക്കൊണ്ടുവന്നത്. മകനായ ശേഷമാണ് താന്‍ സഖാവായത്. പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നപ്പോള്‍ നിരവധി തവണ ജയില്‍വാസവും ലാത്തിച്ചാര്‍ജ് ഉള്‍പ്പടെ അനുഭവിച്ചപ്പോള്‍ അതിന്റെ ബുദ്ധിമുട്ടുകള്‍ ഉള്‍പ്പടെ അമ്മ അനുഭവിച്ചിട്ടുണ്ട്.
ഈ 22 ലക്ഷം രൂപ ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കില്‍ അത് ആര്‍ക്കാണ് നൽകിയത്, എപ്പോഴാണ്? എന്നാണ്? ഇത്തരം വിരങ്ങള്‍ എന്റെ അമ്മയെ ബോധ്യപ്പെടുത്തണം. ശ്രീജിത്ത് എന്ന വ്യക്തിയാണ് ഇതിന് പിന്നിൽ. ഇയാളുടെ വീടിന് മുന്നിൽ താനും അമ്മയും മകനും പോയി പ്രതിഷേധിക്കാൻ പോകുകയാണ്. ഇയാൾ തെളിവുസഹിതം കാര്യങ്ങൾ വ്യക്തമാക്കണം.ഇനി തനിക്ക് ഒന്നും ഒളിക്കാനില്ല. കുടുക്കാന്‍ ശ്രമിച്ചവരുടേത് ഉള്‍പ്പടെ എല്ലാ കാര്യങ്ങളും തുറന്നുപറയും. ആദ്യമായാണ് ശ്രീജിത്തിന്റെ വീട്ടിലേക്ക് പോകുന്നതെന്ന് പ്രമോദ് പറഞ്ഞു.