‘എയർ കേരള’ ഉടൻ പറന്നു തുടങ്ങും; പ്രവര്‍ത്തനാനുമതി ലഭിച്ചെന്ന് കൊച്ചി ആസ്ഥാനമായ ആദ്യ വിമാനക്കമ്പനി

ദുബായിലെ മലയാളി വ്യവസായികൾ ആരംഭിച്ച സെറ്റ്​ഫ്ലൈ ഏവിയേഷൻ എന്ന വിമാനക്കമ്പനിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രവര്‍ത്തനാനുമതി (NOC) നൽകിയതായി കമ്പനി ഉടമകള്‍ അറിയിച്ചു. എയര്‍ കേരള എന്ന പേരിൽ വിമാനക്കമ്പനി പുതിയ സര്‍വീസും പ്രഖ്യാപിച്ചു. ദുബൈയിൽ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. അടുത്ത വർഷം ആദ്യപാദത്തിൽ രണ്ട് വിമാനങ്ങളുമായി ആഭ്യന്തര സർവീസുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 20 വിമാനങ്ങൾ സ്വന്തമാക്കിയ ശേഷം ഗൾഫ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സർവീസുകളും ആരംഭിക്കുമെന്ന് സെറ്റ്ഫ്ലൈ ഏവിയേഷൻ ചെയർമാനും പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് വ്യക്തമാക്കി. കൊച്ചിയിലായിരിക്കും വിമാന കമ്പനിയുടെ കേരളത്തിലെ ആസ്ഥാനം.

നേരത്തെ ഉമ്മൻചാണ്ടി സർക്കാർ ആരംഭിക്കാൻ പദ്ധതിയിട്ടിരുന്ന എയർ കേരള പദ്ധതി പിന്നീട് ഉപേക്ഷിച്ച പോലെയായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം എയർ കേരള ഡോട്ട് കോം വെബ്​സൈറ്റ് ഉദ്ഘാടനം ചെയ്തു. 1 മില്യൺ ദിർഹം (ഏകദേശം 2.2 കോടി രൂപ) നൽകി Airkerala.com ഡൊമൈൻ സ്വന്തമാക്കിയത്. ഇപ്പോൾ സിവിൽ വ്യോമയാന മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചതോടെയാണ് കേരളത്തിന് സ്വന്തമായ ഒരു വിമാനകമ്പനി എന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക് പറന്ന് ഉയരാൻ തയ്യാറെടുക്കുന്നത്.

നിലവിൽ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കാനാണ് ഡിജിസിഐ അനുമതി നൽകിയത്. തുടക്കത്തിൽ ടയര്‍ 2, 3 നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സര്‍വീസുകൾക്ക് മൂന്ന് എടിആര്‍ 72-600 വിമാനങ്ങൾ ഉപയോഗിക്കുമെന്ന് കമ്പനി മേധാവികള്‍ അറിയിച്ചു.

കമ്പനി യാഥാർഥ്യമാകുന്നതോടെ ആദ്യ വർഷം തന്നെ കേരളത്തിൽ മാത്രം വ്യോമയാന മേഖലയിൽ 350 ലേറെ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വാർത്ത സമ്മേളനത്തിൽ കമ്പനി സെക്രട്ടറി ആഷിഖ് , ജനറൽ മാനേജർ സഫീർ മഹമൂദ്, നിയമോപദേഷ്ടാവ് ശിഹാബ് തങ്ങൾ എന്നിവരും സംബന്ധിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments