KeralaNews

പെൻഷൻ വീട്ടിലെത്താൻ വൈകും; പോസ്റ്റ് ഓഫീസുകൾ വഴിയുള്ള വിതരണം പ്രതിസന്ധിയിൽ

സംസ്ഥാനത്ത് പോസ്റ്റ് ഓഫീസുകൾ വഴിയുള്ള പെൻഷൻ വിതരണം പ്രതിസന്ധിയിൽ. ഇരുപത്തിരണ്ടായിരത്തോളം പേർക്ക് ഈ മാസം പെൻഷൻ കിട്ടാൻ വൈകുമെന്ന് കാണിച്ച് ട്രഷറി ഡയറക്ടർ അറിയിപ്പിറക്കി. കേന്ദ്ര പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്നതിൽ പോസ്റ്റ് ഓഫീസുകൾ വരുത്തിയ വീഴ്ചയാണ് നാട്ടുകാർക്ക് തിരിച്ചടിയായത്.

ശാരീരിക ബുദ്ധിമുട്ടും പ്രായാധിക്യവും കാരണം ട്രഷറിയിലോ ബാങ്കിലോ എത്തി നേരിട്ട് പെൻഷൻ വാങ്ങാൻ സാധിക്കാത്തവരാണ് പോസ്റ്റ് ഓഫീസ് മുഖേന പെൻഷൻ കൈപ്പറ്റുന്നത്. മണി ഓർഡറായി ഇവരുടെ വീട്ടിൽ പെൻഷൻ തുക എത്തും. സർവീസ് പെൻഷനും കുടുംബ പെൻഷനുമായി ഇരുപത്തി രണ്ടായിരത്തോളം പേരാണ് ഇങ്ങിനെ പെൻഷൻ വാങ്ങുന്നത്. എല്ലാ മാസവും 5 -ാം തീയതിക്ക് മുൻപായി ഇവരുടെ വീട്ടിൽ പെൻഷൻ തുക എത്തുമായിരുന്നെങ്കിൽ ഇത്തവണ അത് പ്രതീക്ഷിക്കേണ്ട.

സാങ്കേതിക തടസങ്ങളാൽ വൈകുമെന്ന് അറിയിപ്പ് ഇറങ്ങി. സംസ്ഥാനത്തെ പോസ്റ്റ് ഓഫീസുകൾ വരുത്തിയ ഗുരുതര വീഴ്ചയാണ് തടസത്തിന് കാരണം. പെൻഷൻ തുക മണി ഓർഡറായി കൈമാറാൻ കേന്ദ്രം തയാറാക്കിയ പോർട്ടലിൽ ഓരോ പോസ്റ്റ് ഓഫീസും റജിസ്റ്റർ ചെയ്യണം.

2019 മുതൽ ഈ നിയമമുണ്ടെങ്കിലും കേരളത്തിലെ ഒറ്റ പോസ്റ്റ് ഓഫീസ് റജിസ്റ്റർ ചെയ്തില്ല. ഇത്തവണത്തെ ഓഡിറ്റിൽ ഇത് കണ്ടെത്തി. ഇതോടെ പണം കൈമാറാനാവില്ലന്ന് ബാങ്ക് അറിയിച്ചു. അതാണ് വാർധക്യ കാല ചികിത്സക്കും ജീവിത ചെലവിനുമായി ആയിരങ്ങൾ ആശ്രയിക്കുന്ന പെൻഷൻ മുടങ്ങാൻ കാരണം. വീഴ്ച പരിഹരിച്ച് പോസ്റ്റ് ഓഫീസ് റജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ മാത്രമേ അവർക്ക് ഇനി പെന്ഷൻ മണി ഓർഡറായി ലഭിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *