ലോക കേരള സഭയില്‍ ഭക്ഷണ വിതരണത്തില്‍ തരംതിരിവെന്ന് ആക്ഷേപം. പ്രതിനിധികള്‍ക്ക് പഞ്ച നക്ഷത്ര ഹോട്ടലില്‍ നിന്ന് ആഡംബര ഭക്ഷണവും സംഘാടകരായ ജീവനക്കാർക്ക് സാധാരണ കാറ്ററിങ് സർവീസില്‍ നിന്നുള്ള ഭക്ഷണവുമാണ് ഏർപ്പാടാക്കിയിരുന്നത്. ഒരു പന്തിയില്‍ രണ്ട് വിളമ്പെന്ന വിമർശനം ഈ തരംതിരിവിനോട് ആദ്യമേ തന്നെ ഉയർന്നിരുന്നു.
എന്നാല്‍, സർക്കാരിലെ ഒരു ഉന്നതൻ ഒരു പടികൂടി കടന്ന് പ്രതിനിധികള്‍ ഭക്ഷണം കഴിക്കുന്ന സ്ഥലത്തേക്ക് സംഘാടകരായ ജീവനക്കാർക്ക് വിലക്ക് ഏർപ്പെടുത്തുകയും കൂടി ചെയ്തു. കർശനമായ താക്കീതാണ് ഈ ഉന്നതൻ ജീവനക്കാർക്ക് നല്‍കിയത്. ആരെങ്കിലും അവിടേക്ക് പോയാല്‍ സിസിടിവി നോക്കി നടപടിയെടുക്കുമെന്നായിരുന്നു മുഖ്യന്റെ വലംകൈയുടെ ഉഗ്രശാസനം.
എൽ.ഡി.എഫ് എം.എൽ.എമാരും എം.പിമാരും മന്ത്രിമാരും ഡെലിഗേറ്റിൽ ഉൾപ്പെടുന്നതുകൊണ്ട് അവർക്കെല്ലാം റാവിസില്‍ നിന്നുള്ള ലാവിഷ് ഭക്ഷണം ലഭിച്ചിരുന്നു. അതേസമയം, ലോകകേരള സഭയ്ക്കെത്തി പ്രവാസി പ്രതിനിധികളില്‍ പലരും ബ്രേക്ക് ഫാസ്റ്റ് അവർ താമസിച്ചിരുന്ന ഹോട്ടലുകളില്‍ നിന്ന് കഴിച്ചതോടെ വലിയ അളവിലുള്ള ഭക്ഷണം ബാക്കിവന്നു. ഇത് കഴിക്കാൻ ജീവനക്കാരോട് നിർദ്ദേശിക്കുക കൂടി ചെയ്തുവെന്നാണ് അറിയുന്നത്.
എന്നാല്‍, ജീവനക്കാർ ഉന്നതന്റെ ഉഗ്രശാസനം ചൂണ്ടിക്കാട്ടി റാവിസിലെ ഭക്ഷണം ഒഴിവാക്കി വകുപ്പുതല അച്ചടക്ക നടപടിയില്‍ നിന്നും മാനനഷ്ടത്തില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. എങ്കിലും ലോക കേരള സഭാ നടത്തിപ്പിന് രാപ്പകലില്ലാതെ ഓടിനടന്ന ജീവനക്കാരെ രണ്ടാംതരം പൌരൻമാരായി സിപിഎമ്മിലെ ഉന്നതൻ പരിഗണിച്ചതിനെതിരെ രോഷം പുകയുന്നുണ്ട്.
കുവൈറ്റ് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആദ്യ ദിവസത്തെ പരിപാടി വെട്ടി ചുരുക്കിയിരുന്നു. രണ്ടാം ദിവസം പ്രഭാത ഭക്ഷണം റാവിസ് ഹോട്ടലിൽ നിന്ന് എത്തിയെങ്കിലും ഡെലിഗേറ്റുകളിൽ ഭൂരിഭാഗവും താമസിച്ച ഹോട്ടലിൽ നിന്നു കഴിച്ചു. പ്രഭാത ഭക്ഷണം മിച്ചം വന്നതിനെ തുടർന്ന് നടത്തിപ്പുകാരെ റാവിസ് ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും അവർ എത്തിയില്ല. ഞങ്ങൾ മന്ന ഭക്ഷണം കഴിച്ചോളാം എന്നായിരുന്നു മറുപടി. ഉന്നതൻ പറഞ്ഞത് കാര്യമാക്കണ്ട എന്ന് അഭ്യർത്ഥിച്ചെങ്കിലും നാണം കെട്ട് റാവിസ് ഭക്ഷണം കഴിക്കാൻ നടത്തിപ്പുകാർ തയ്യാറായില്ല.
നിയമസഭയില്‍ വെച്ച് നടക്കുന്ന പല പൊതുപരിപാടികളിലും ഭക്ഷണ വിതരണം താറുമാറാകുന്നത് സ്ഥിരമാകുന്ന കാഴ്ച്ചയുമുണ്ട്. ഓണത്തിന് സദ്യവിതരണത്തില്‍ സ്പീക്കർ ഉള്‍പ്പെടെയുള്ളവർക്ക് കിട്ടിയിരുന്നില്ല.