ഒക്ടോബറിലാണ് മുഖ്യമന്ത്രിയുടെ അടുത്ത വിദേശ സന്ദർശനം

തിരുവനന്തപുരം: പിണറായിയും സംഘവും അമേരിക്കയിലേക്ക്. ഒക്ടോബറിലാണ് മുഖ്യമന്ത്രിയുടേയും സംഘത്തിൻ്റെയും യാത്ര എന്നാണ് സൂചന. കേരള ബ്രാൻഡിംഗിൻ്റെ ഭാഗമായാണ് യാത്ര. കലാമണ്ഡലത്തിൻ്റെ നേതൃത്വത്തിൽ അമേരിക്കയിൽ നടക്കുന്ന അഞ്ച് ദിവസത്തെ പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.

മന്ത്രി സജി ചെറിയാനും അമേരിക്കൻ യാത്രയിൽ പിണറായിയെ അനുഗമിക്കും. ലോക കേരള സഭ സമ്മേളനത്തിൻ്റെ മറുപടി പ്രസംഗത്തിൽ അമേരിക്കൻ പരിപാടിയെ കുറിച്ച് പിണറായി സൂചിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം ഇങ്ങനെ:

“കേരളത്തിന്റെ തനതു കലകളും സംസ്‌കാരവും വിദേശരാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെയും ബ്രാന്‍ഡ് ചെയ്യുന്നതിന്റെയും ഭാഗമായി കേരള കലാമണ്ഡലം വിവിധ കലകളെ കോര്‍ത്തിണക്കിയുള്ള ഷോ വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കും. അഞ്ച് ദിവസം വരെ നീണ്ടുനില്‍ക്കുന്ന അവതരണോത്സവങ്ങളും ശില്‍പ്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനു കലാമണ്ഡലം പദ്ധതി തയാറാക്കിയിട്ടുണ്ട്. ആദ്യ ഷോ അമേരിക്കയില്‍ സംഘടിപ്പിക്കും. കേരള കലകള്‍ ഓണ്‍ലൈനായി പഠിക്കുന്നതിന് അവസരവും ഒരുക്കും”.

നാലാം ലോക കേരള സഭ അവസാനിച്ചപ്പോൾ ക്രിയാത്മകമായ നിർദ്ദേശങ്ങളാണ് സമ്മേളനത്തിൽ ഉയർന്നുവന്നിട്ടുള്ളതെന്നും എല്ലാ നിർദ്ദേശങ്ങളുടെയും സാധ്യതകൾ പരിശോധിച്ച് സാധ്യമായ തീരുമാനങ്ങളും നടപടികളുമെടുത്ത് മുന്നോട്ടുപോകുമെന്നും ലോക കേരള സഭാ സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചത് 14 രാജ്യങ്ങള്‍; 30 വിദേശ സന്ദർശനങ്ങൾ

സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ കേരള മുഖ്യമന്ത്രിയായതിന് ശേഷം സന്ദർശിച്ചത് 14 വിദേശ രാജ്യങ്ങൾ. 30 തവണയാണ് വിദേശ സന്ദർശനം നടത്തിയത്.

അമേരിക്ക, ബ്രിട്ടൻ,  ക്യൂബ, നോർവെ, ഫിൻലണ്ട്, നെതർലണ്ട്, സ്വിറ്റ്സർലാൻ്റ്, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ,  ബഹറിൻ , യു.എ.ഇ, ഇന്തോനേഷ്യ, സിംഗപ്പൂർ എന്നി വിദേശരാജ്യങ്ങളാണ് പിണറായി സന്ദർശിച്ചത്. ഇപ്പോള്‍ വിദേശ യാത്രക്ക് പോയിരിക്കുന്ന പിണറായി വിജയൻ ഇന്തോനേഷ്യ, സിംഗപ്പൂർ, യു.എ.ഇ എന്നിവിടങ്ങളിൽ 16 ദിവസമാണ് കുടുംബത്തോടൊപ്പം ചെലവഴിക്കുന്നത്.

അഞ്ച് പ്രാവശ്യം ആണ് അമേരിക്കൻ യാത്ര നടത്തിയത്. 3 തവണ ചികിൽസക്കും 2 എണ്ണം സ്വകാര്യ സന്ദർശനവും ആയിരുന്നു. 8 തവണയാണ് യു.എ.ഇ സന്ദർശിച്ചത്. യാത്രയിൽ എല്ലാം ഭാര്യ, കൊച്ചുമകൻ, മകൾ എന്നിവർ പിണറായിയെ അനുഗമിച്ചിരുന്നു. മരുമകനായി മുഹമ്മദ് റിയാസ് എത്തിയതോടെ റിയാസും യാത്രയിൽ അംഗമായി.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വിദേശയാത്ര കൊണ്ട് സംസ്ഥാനത്തിന് യാതൊരു ഗുണവും ഉണ്ടായിട്ടില്ലെന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏറെ കെട്ടിഘോഷിച്ച റൂം ഫോർ റിവർ ആകട്ടെ പ്രഖ്യാപനത്തിൽ ഒതുങ്ങി.കുടുംബവും ഒത്തുള്ള യാത്ര ആയതു കൊണ്ട് തന്നെ ഔദ്യോഗികയാത്രക്ക് മുഖ്യമന്ത്രി പോയാലും ” ഉല്ലാസ യാത്ര’ എന്ന പരിഹാസത്തിനും കാരണമായി. അമേരിക്കയിലെ ടൈം സ്ക്വയറിലെ കസേര നിരവധി ട്രോളുകൾക്ക് സാക്ഷ്യം വഹിച്ചു. ഇത്തവണത്തെ 16 ദിവസത്തെ വിദേശയാത്രയുടെ ചെലവും സർക്കാർ ഖജനാവാണ് വഹിക്കുന്നത്.