രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം വാർഷികത്തിലും പ്രോഗ്രസ്സ് ഇല്ലാതെ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കൽ. സംസ്ഥാനത്തെ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കും എന്ന് വാഗ്ദാനം നൽകിയാണ് 2016 ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ കയറിയത്. എന്നാൽ അധികാരത്തിൽ കയറിയതോടെ വാഗ്ദാനം മറക്കുകയായിരുന്നു.
പിന്നീട് ജീവനക്കാരുടെ ഭാഗത്തു നിന്നുമുണ്ടായ സമ്മർദ്ദത്തിന്റെ ഫലമായി ഒരു സമിതിയെ വിഷയം പഠിക്കുന്നതിനു നിയമിച്ച സർക്കാർ 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് സമിതിയുടെ റിപ്പോർട്ട് കൈപ്പറ്റിയത്. നിയമസഭ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ റിപ്പോർട്ടിന്മേൽ ഒരു തീരുമാനവും സ്വീകരിച്ചില്ല. എന്നാൽ തുടർഭരണത്തിൽ വന്നതോടെ റിപ്പോർട്ട് പുറത്ത് വിടാൻ പോലും സർക്കാർ തയ്യാറായില്ല.
ഒടുവിൽ ഇടത് അനുകൂല ജോയിന്റ് കൗൺസിൽ സുപ്രീം കോടതിയിൽ പോയാണ് റിപ്പോർട്ട് വെളിച്ചത് കൊണ്ട് വന്നത്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാർക്ക് നിരവധി അനുകൂല്യങ്ങൾ അനുവദിച്ചെങ്കിലും കേരളത്തിൽ മാത്രം ആനുകൂല്യങ്ങൾ ഒന്ന് പോലും അനുവദിക്കാൻ സർക്കാർ തയ്യാറായില്ല.
സംസ്ഥാനത്തെ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് നിയമബലം കിട്ടുന്നതിനായി 2020 ൽ അസാധാരണ ഗസറ്റ് വിജ്ഞാപനവും സർക്കാർ പുറത്തിറക്കി. ഭരണത്തിൽ കയറി 9 വർഷത്തിന് ശേഷം പുറത്തിറക്കിയ പ്രോഗ്രസ്സ് റിപ്പോർട്ടിലും പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നത് പഠിച്ച സമിതിയുടെ റിപ്പോർട്ട് വീണ്ടും പഠിക്കാൻ മറ്റൊരു സമിതിയെ രൂപീകരിച്ചു എന്നാണ് സർക്കാരിന്റെ മറുപടി.
വിവിധ സംസ്ഥാന സർക്കാരുകൾ പദ്ധതി പിൻവലിച്ചതിനു സമാനമായി കേരളത്തിലും സംസ്ഥാന സർക്കാരിന്റെ നിയമനിർമാണത്തിലൂടെ പദ്ധതി പിൻവലിക്കാം എന്ന പുനഃപരിശോധന സമിതിയുടെ റിപ്പോർട്ട് വീണ്ടും പഠിക്കുന്നതിനായി സർക്കാർ നിയമിച്ച സമിതി യോഗം ചേരുകയോ വിഷയം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയോ ചെയ്തതായി വിവരമില്ല. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കും എന്ന സർക്കാർ പ്രഖ്യാപനം പ്രവർത്തികമാകുന്നതും കാത്തിരിക്കുകയാണ് പദ്ധതിയിൽ ഉൾപ്പെട്ട രണ്ട് ലക്ഷത്തോളം ജീവനക്കാർ.