ഏറെ പ്രതീക്ഷകളോടെയാണ് ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും ഇന്ന് കളത്തിൽ ഇറങ്ങുന്നത്. ലോകകിരീടങ്ങൾ എക്കാലവും കിട്ടാക്കനിയായ ദക്ഷിണാഫ്രിക്ക. മറുവശത്തു തങ്ങളുടെ നല്ല കാലത്തേക്ക് തിരിച്ചു വരവ് നടത്താൻ ശ്രമിക്കുന്ന ശ്രീലങ്ക. ന്യൂയോർക്കിലെ നസാവു കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം.
കരുത്തുറ്റ ബാറ്റിങ് നിരയുമായി ഇറങ്ങുന്ന ദക്ഷിണാഫ്രിക്കയുടെ ബൗളിങ്ങും മോശമല്ല.
ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മർകറം, ഹെൻറിച് ക്ലാസൻ, ക്വിന്റൺ ഡി കോക്ക്, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരെല്ലാം ഏത് ബൗളർമാരുടെയും പേടിസ്വപ്നമാണ്. ഓൾ റൗണ്ട് മികവുമായി മാർകോ ജാൻസനുണ്ട്. കാഗിസോ റബാദ, ജെറാൾഡ് കോയെറ്റ്സി, ആൻറിച് നോർജെ എന്നിവർ പേസ് ബൗളിങ്ങിലും തബ്രൈസ് ഷംസി സ്പിന്നിലും കേമന്മാരാണ്.
മറുഭാഗത്ത്, പരിക്കുകൾ വേട്ടയാടുന്ന ലങ്കയെ സംബന്ധിച്ച് തിരിച്ചുവരവിനുള്ള അവസരമാണിത്. സ്പിന്നറും ഓൾ റൗണ്ടറുമായ ലങ്കൻ ക്യാപ്റ്റൻ വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷ്ണ എന്നിവർ പരിക്കിന്റെ പിടിയിലായിരുന്നു.
മതീഷ പാതരാന, ദിൽഷൻ മധുശങ്ക തുടങ്ങിയവരുടെ പേസിലും ആഞ്ചലോ മാത്യൂസ്,കുശാൽ മെൻഡിസ്, പാതും നിസ്സങ്ക, സദീര സമരവിക്രമ ഉൾപ്പെടെയുള്ളവരുടെ ബാറ്റിലും വലിയ പ്രതീക്ഷയർപ്പിക്കുന്നുണ്ട് ലങ്ക. 2014ൽ ജേതാക്കളായതിന് ശേഷം ശ്രീലങ്ക ഒരു തവണപോലും നോക്കൗട്ടിലെത്തിയിട്ടില്ല. അത് തിരുത്തിക്കുറിക്കുക എന്നത് തന്നെയാകും ലങ്ക ഇന്ന് ലക്ഷ്യമിടുക.