കണ്ണൂർ എയർപോർട്ടില്‍വെച്ച് സ്വർണ്ണം കടത്താനുള്ള ശ്രമത്തിനിടെ പിടിയിലായ എയർ ഹോസ്റ്റസിന് പിന്നില്‍ വൻ റാക്കറ്റെന്ന് പോലീസ്. എയർഇന്ത്യ എക്സ്പ്രസ്സ് എയർ ഹോസ്റ്റസ് കൊൽക്കത്ത സ്വദേശിയായ സുരഭി ഖത്തൂൺ ആണ് റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ പിടിയിലായത്.
ചൊവ്വാഴ്ചയായിരുന്നു സംഭവം. മസ്‌കത്തിൽ നിന്നും വന്ന എയർഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 714 വിമാനത്തിലാണ് സുരഭി കണ്ണൂരിൽ എത്തിയത്. പരിശോധനയിൽ ഇവരിൽ നിന്നും 60 ലക്ഷം രൂപ വിലവരുന്ന 960 ഗ്രാം സ്വർണം പിടികൂടുകയായിരുന്നു.
സ്വർണം പിടികൂടിയതിന് പിന്നാലെ സുരഭിയുടെ അറസ്റ്റ് ഡിആർഐ രേഖപ്പെടുത്തി. തുടർന്ന് കോടതി മുൻപാകെ ഹാജരാക്കിയ ഇവരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. സുരഭിയെ കണ്ണൂർ വനിത ജയിലിലേക്ക് അയച്ചിട്ടുണ്ട്.
നേരത്തെയും സുരഭി സ്വർണ്ണം കടത്തിയിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാക്കുന്നതെന്നും സ്വർണ്ണക്കടത്ത് സംഘവുമായി സുരഭിക്കുള്ള ബന്ധത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്നും ഡിആർഐ അറിയിച്ചു. മലദ്വാരത്തിലൊളിപ്പിച്ച് സ്വർണ്ണം കടത്തിയതിന് വിമാനജീവനക്കാർ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവമാണിതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സുരഭി ആർക്കാണ് സ്വർണ്ണം കൈമാറാൻ പദ്ധതിയിട്ടതെന്നും കേരളത്തിൽ ഇവർക്ക് ആരുമായിട്ടാണ് ബന്ധമെന്നും സുരഭി തന്നെ വെളിപ്പെടുത്തിയെന്നാണ് ഡിആർഐ വൃത്തങ്ങൾ പറയുന്നത്. ഇവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് അറിയുന്നത്.