
കോഴിക്കോട്: ബിസിനസ്സുകാർക്കുവേണ്ടി നടത്തിയ മോട്ടിവേഷണല്‍ പ്രസംഗത്തിനിടെ തുടരെ തുടരെ തെറിയഭിഷേകവും അധിക്ഷപവും നടത്തിയ അനില്‍ ബാലകൃഷ്ണനെ കാണികളും സംഘാടകരും ചേർന്ന് ഇറക്കിവിട്ടു. കോഴിക്കോട് സിഎസ്‌ഡബ്ള്യുഎയുടെ ബിസിനസ് മീറ്റിനിടെയായിരുന്നു അനിഷ്ടകരമായ സംഭവം. ഡോക്ടർ അനില്‍ ബാലചന്ദ്രൻ ദി കിങ് മേക്കർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ബിസിനസ് മോട്ടിവേഷണൽ സ്പീക്കറെയാണ് സദസ്യർ കൂകി വിളിച്ച് പറഞ്ഞുവിട്ടത്. നാല് ലക്ഷം രൂപയും ജിഎസ്‌ടിയും അടക്കമാണ് ഇയാൾ പ്രതിഫലമായി വാങ്ങിയത്. അയ്യായിരം കാണികളെ പ്രതീക്ഷിച്ച ചടങ്ങിൽ ആളുകള്‍ കുറഞ്ഞതും അനില്‍ ബാലചന്ദ്രനെ ചൊടിപ്പിച്ചിരുന്നു.
ഉച്ചയ്‌ക്ക് രണ്ട് മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് അനിൽ ബാലചന്ദ്രൻ എത്തിയത് ഒരു മണിക്കൂർ വൈകിയാണ്. സ്‌റ്റേജിൽ കയറിയ ഇയാൾ ബിസിനസുകാരെ അസഭ്യം പറയാനും അധിക്ഷേപിക്കാനും തുടങ്ങുകയായിരുന്നു. മാസങ്ങൾക്ക് മുമ്പ് തന്നെ പരിപാടിയുടെ പ്രതിഫലം താൻ വാങ്ങിയിരുന്നുവെന്നും, അതുകൊണ്ടുതന്നെ താൻ പറഞ്ഞത് സംഘാടകർക്ക് കേൾക്കേണ്ട ഗതികേടുണ്ടായെന്നുമായിരുന്നു ഇയാളുടെ ആമുഖപ്രസംഗം. സംഘാടകരോട് കലിപ്പിലാണ് താനെന്നും കലിപ്പ് തീരുന്നതുവരെ ഇങ്ങനൊക്കെ ചെയ്യുമെന്നും പറഞ്ഞ് അധിക്ഷേപം തുടർന്നതോടെയാണ് സദസ്സിലുള്ളവർ തന്നെ ഇടപെട്ടത്.
”നിങ്ങൾ എന്തിനാണ് ബിസിനസുകാരെ തെറിവിളിക്കുന്നത്” എന്ന് ചോദിച്ചുകൊണ്ട് കാണികളിലൊരാൾ രംഗത്തുവന്നതിന് പിന്നാലെ മറ്റുള്ളവരും പ്രതിഷേധവുമായി എത്തി. ആദ്യം പ്രതിഷേധിച്ചയാളുടെ ടിക്കറ്റ് കാശ് കൊടുത്ത് ഇറക്കിവിടൂവെന്നൊക്കെ പറഞ്ഞ് അനിൽ ബാലചന്ദ്രൻ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. ഇതോടെ സംഘാടകർ ഇയാളുടെ സെഷൻ അവസാനിപ്പിക്കുകയായിരുന്നു.
അനിലിന് അനുവദിച്ച സമയം 4 മണിവരെയായിരുന്നുവെന്നും എന്നാൽ ഇയാൾ കൂടുതൽ സമയം എടുത്തതിനാൽ മറ്റുപരിപാടികളും താമസിക്കുകയായിരുന്നുവെന്ന് സംഘാടകർ അറിയിച്ചു. പണം കൃത്യമായി നൽകിയിട്ടും കോഴിക്കോട് ഹോട്ടലിൽ എത്തിയതിന് ശേഷം പരിപാടിക്ക് വരാൻ കഴിയില്ലെന്ന് അനിൽ ഭീഷണിപ്പെടുത്തുകയായിരുന്നു. അസഭ്യവാക്കുകൾ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും ഇയാൾ വകവച്ചില്ലെന്നും സംഘാടകർ പറയുന്നു. ഒടുവിൽ കാണികളുടെ രോഷത്തിൽ നിന്ന് വളരെ പണിപ്പെട്ടാണ് അനിൽ ബാലചന്ദ്രനെ പുറത്തെത്തിച്ചത്.