
മുംബൈ: കേന്ദ്ര സര്‍ക്കാരിന് 2.11 ലക്ഷം കോടിയോളം രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). മുംബൈയില്‍ നടന്ന ആര്‍ബിഐ കേന്ദ്ര ബോര്‍ഡിന്റെ മീറ്റിംഗിലാണ് 2,10,874 കോടി രൂപ മിച്ചമായി കൈമാറാന്‍ തീരുമാനിച്ചത്.
മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഏകദേശം 140% വര്‍ദ്ധനയാണ് സര്‍ക്കാരിന് കൈമാറുന്ന ലാഭവിഹിതത്തില്‍ ഉണ്ടായിരിക്കുന്നത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐ 87,416 കോടി രൂപ മാത്രമാണ് ലാഭ വിഹിതമായി കേന്ദ്രത്തിന് കൈമാറിയിരുന്നത്.
2024 സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ്വ്യവസ്ഥയുടെ കരുത്തും പ്രതിരോധശേഷിയും പ്രതിഫലിപ്പിക്കുന്ന 6.5% ആയി സിആര്‍ബി (കണ്ടിജന്‍സി റിസ്ക് ബഫര്‍) വര്‍ധിപ്പിച്ചിട്ടുണ്ട്. സമ്പദ്വ്യവസ്ഥ ശക്തവും സുസ്ഥിരവുമായ നിലയില്‍ തുടരുന്നതിനാല്‍, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സിആര്‍ബി 6.50 ശതമാനമായി ഉയര്‍ത്താന്‍ ബോര്‍ഡ് തീരുമാനിച്ചെന്ന് ആര്‍ബിഐ പറഞ്ഞു.
സര്‍ക്കാരിന് ഇത്തവണ ആര്‍ബിഐ ഒരു ലക്ഷം കോടി രൂപയിലധികം ലാഭവിഹിതം നല്‍കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അന്തിമമായി അംഗീകരിച്ച തുക സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങളേക്കാള്‍ വളരെ കൂടുതലാണ്. ഇത് സര്‍ക്കാരിന്റെ ധനസ്ഥിതിയെ ശക്തിപ്പെടുത്തുകയും ബജറ്റ് കമ്മി ലക്ഷ്യം കൈവരിക്കുന്നതിന് സഹായിക്കുകയും ചെയ്യും.