BusinessCinemaNews

പിവിആര്‍ തിയറ്ററുകള്‍ ഭക്ഷണം വിറ്റ് നേടിയത് 1958 കോടി രൂപ; ടിക്കറ്റ് വില്‍പനയെ കടത്തിവെട്ടി; കമ്പനിയുടെ നഷ്ടത്തില്‍ കുറവ്

ബോക്‌സ് ഓഫീസ് ടിക്കറ്റ് വില്‍പ്പനയേക്കാള്‍ വേഗത്തിലാണ് തങ്ങളുടെ ഫുഡ് ആന്റ് ബീവറേജ് ബിസിനസ്സ് വളരുന്നതെന്ന് പ്രമുഖ മള്‍ട്ടിപ്ലക്സ് തിയറ്റര്‍ ശൃംഖലയായ പിവിആര്‍ ഐനോക്സ്. 2023-2024 സാമ്പത്തിക വര്‍ഷത്തിലെ കമ്പിനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സിനിമാ ടിക്കറ്റ് വില്‍പനയില്‍ നിന്നുള്ള വരുമാനം 19% കൂടിയപ്പോള്‍ ഫുഡ് ആന്റ് ബീവറേജ് വില്‍പനയില്‍ നിന്നുള്ള വരുമാനം 21% ആണ് കൂടിയത്.

മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 1,618 കോടി രൂപയില്‍ നിന്ന് 1,958.4 കോടി രൂപയായാണ് എഫ് ആന്‍ഡ് ബി വഴിയുള്ള വരുമാന വര്‍ദ്ധനവ്. പിവിആറിന്റെ ബോക്സ് ഓഫീസ് വരുമാനം 2023 മാര്‍ച്ച് 31-ന് അവസാനിച്ച വര്‍ഷത്തില്‍ 3,915.8 കോടി രൂപയാണ്, ഇത് മുമ്പത്തെ വര്‍ഷം 3,296.2 കോടി രൂപയായിരുന്നു.

ഇനി മുതല്‍ ടിക്കറ്റ് വരുമാനത്തേക്കാള്‍ എഫ് ആന്‍ഡ് ബി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്നാണ് പിവിആര്‍ ഐനോക്സിന്റെ ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നിതിന്‍ സൂദ് പറയുന്നത്.
ഇന്ത്യയിലെ ഷോപ്പിംഗ് മാളുകളിലെ ഫുഡ് കോര്‍ട്ടുകളുടെ വികസനത്തിനും മാനേജ്മെന്റിനുമായി ഒരു പുതിയ കമ്പനി സ്ഥാപിക്കുന്നതിനുള്ള കരാറില്‍ ഈ മാസം ആദ്യം പിവിആര്‍ ഐനോക്‌സും ഇന്ത്യയില്‍ കെഎഫ്സിയും പിസ്സ ഹട്ടും നടത്തുന്ന ദേവയാനി ഇന്റര്‍നാഷണലും ഒപ്പുവെച്ചതായി സിനിമാ എക്സിബിറ്റര്‍ ഒരു എക്സ്ചേഞ്ചില്‍ പറഞ്ഞു.

2023-24 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ പിവിആര്‍ ഐനോക്സ് 129.7 കോടി രൂപയുടെ ഏകീകൃത അറ്റ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ നഷ്ടം 334 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 1,143.2 കോടി രൂപയില്‍ നിന്ന് മാര്‍ച്ച് പാദത്തില്‍ 1,256.4 കോടി രൂപയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *