ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മൂന്നാം തവണയാണ് മോദി വാരാണസിയിൽ മത്സരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മോദിക്കൊപ്പം ഉണ്ടായിരുന്നു.
പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി ഗംഗ തീരത്തുള്ള ദശാശ്വമേധ് ഘാട്ടില്‍ പ്രധാനമന്ത്രി പ്രാര്‍ത്ഥന നടത്തിയിരുന്നു. അവിടെ നിന്ന് ബോട്ടില്‍ നമോ ഘാട്ടില്‍ എത്തി. തുടര്‍ന്ന് കാല ഭൈരവ ക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥന നടത്തി. ഇതിന് ശേഷം കളക്ടറേറ്റില്‍ എത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ഉത്തരേന്ത്യയിലെ ഹിന്ദു മത വിശ്വാസ പ്രകാരം മംഗള കര്‍മങ്ങള്‍ക്ക് അനുയോജ്യമായ പുഷ്യ നക്ഷത്ര മുഹൂര്‍ത്തത്തില്‍ ആണ് നാമ നിര്‍ദേശ പത്രിക സമര്‍പ്പണം. ഗംഗ സപ്തമി ദിനമായ ഇന്ന് നരേന്ദ്ര മോദി ഗംഗ സ്‌നാനം നടത്തുമെന്നാണ് ബിജെപി നേതാക്കള്‍ അറിയിച്ചിട്ടുള്ളത്. ഗംഗ ദേവി ഭൂമിയില്‍ പുനര്‍ജനിച്ച ദിവസം എന്ന വിശ്വാസത്തില്‍ ആണ് ഗംഗ സപ്തമി ആഘോഷിചിക്കുന്നത്. സപ്തമികളില്‍ ഏറ്റവും അതി ശുഭകരമായ ദിവസം ആണ് ഗംഗ സപ്തമി.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉത്തരാഖണ്ഡ് മുഖ്യമന്തി പുഷ്‌കര്‍ സിംഗ് ധാമി, മധ്യ പ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷണു ദേവ് സായി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ, രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ, ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്, ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ എന്നിവര്‍ മോദിയുടെ നാമ നിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കും. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ് നാഥ് സിംഗ് തുടങ്ങിയവരും നാമ നിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തു.