ഡൽഹി: തന്ത്രപ്രധാനമായ ചബഹാര്‍ തുറമുഖത്തിന്റെ പ്രവർത്തനം ഇന്ത്യയേറ്റെടുത്തേക്കുമെന്ന് സൂചന. തിങ്കളാഴ്ച ഇതുമായി ബന്ധപ്പെട്ട ഉടമ്പടിയിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് സൂചന. ഉഭയകക്ഷി ധാരണയുമായി ബന്ധപ്പെട്ട് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ഇറാനിലേക്ക് പോകുമെന്നാണ് സൂചന. എന്നാൽ മന്ത്രാലയം ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ലെന്ന് ഇക്ണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇറാനെതിരായ യുഎസ് ഉപരോധം തുറമുഖത്തിന്റെ വികസനം മന്ദഗതിയിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ സാധ്യതകൾ തെളിഞ്ഞത്. കരാർ യാഥാർത്ഥ്യമായാൽ അടുത്ത പത്ത് വർഷം ഇന്ത്യൻ കരങ്ങളിലായിരിക്കും തുറമുഖത്തിന്റെ നിയന്ത്രണം.
ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ തുടങ്ങിയ കോമൺവെൽത്ത് രാജ്യങ്ങൾക്ക് പരസ്പരം ബന്ധപ്പെടുന്നതിന് അനുയോജ്യമായ നയതന്ത്ര സ്ഥലത്താണ് ചബഹാർ തുറമുഖം സ്ഥിതി ചെയ്യുന്നത്. ഒമാന്‍ കടലിടുക്കില്‍, ഇറാന്-പാകിസ്താന് അതിര്‍ത്തിയിലാണ് തുറമുഖത്തിന്റെ സ്ഥാനം.
ഉപരോധത്തെ മറികടന്ന് തുറമുഖത്തിന്റെ വികനത്തിന് സഹകരിച്ച ഏക വിദേശ രാജ്യം ഇന്ത്യയാണ്. തുറമുഖം ഇന്ത്യ ഏറ്റെടുക്കുന്നത് ചൈനയ്ക്ക് കനത്ത തിരിച്ചടിയാകും. പാകിസ്താനിലെ ഗ്വാദർ തുറമുഖത്തിന്റെ വികസനം ചൈന ഏറ്റെടുത്തത് അറബിക്കടലിൽ സാന്നിദ്ധ്യം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ്. ചൈന- പാക് സാമ്പത്തിക ഇടനാഴിയേയും (സിപിഐസി) അറബിക്കടലിൽ ചൈനയുടെ സാന്നിദ്ധ്യത്തേയും നേരിടാൻ ചബഹാർ തുറമുഖം ഇന്ത്യയ്ക്ക് ഗുണം ചെയ്യും. ചബഹാർ തുറമുഖത്ത് നിന്ന് 72 കിലോമീറ്റർ അകലെയാണ് ഗ്വാദർ തുറമുഖം.