ഹരിഹരന്‍റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവം: മൂന്ന് പേർക്കെതിരെ കേസ്

കോഴിക്കോട് : വടകര സിപിഎം സ്ഥാനാർത്ഥിയായിരുന്ന കെ.കെ ശൈലജക്കെതിരെ സ്തീ വിരുദ്ധ പരാമർശം നടത്തിയതിന് പിന്നാലെ ആർ.എം.പി നേതാവിന്റെ വീടിന് നേരെ ആക്രമണം. മലപ്പുറം ഒലിപ്രം കടവിലെ കെ.എസ് ഹരിഹരന്റെ വീടിന് നേരെയാണ് സ്ഫോടക വസ്തു എറിഞ്ഞത്. ഭയപ്പെടുത്താനുള്ള ശ്രമത്തിന്റെ പേരിലായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.

ബൈക്കിലെത്തിയവരാണ് ആക്രമണം നടത്തിയത്. ആദ്യം ബോംബ് സ്ഫോടനമാണെന്ന് കരുതിയെങ്കിലും പിന്നീട് പടക്കം പോലുള്ള വസ്തുവാണ് എറിഞ്ഞതെന്ന് പൊലീസ് കണ്ടെത്തി. ​ഗേറ്റിൽ തട്ടിയാണ് ഇത് പൊട്ടിയത്. ബൈക്കിൽ ചിലർ വീടിന് സമീപത്തുകൂടി കറങ്ങുന്നത് കണ്ടതായി ഹരിഹരൻ പൊലീസിന് മൊഴി നൽകി.

സംഭവത്തിൽ കണ്ടാൽ അറിയാവുന്ന മൂന്ന് പേർക്കെതിരെ പൊലീസ് കേസ് എടുത്തു. എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്റ്റ് 3, 5 വകുപ്പുകൾ പ്രകാരം ആണ് കേസ്. വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പുലർച്ചെ ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മാരകമായ സ്ഫോടക വസ്തുക്കൾ അല്ല ഉപയോഗിച്ചത് എന്നാണ് പ്രാഥമിക നിഗമനം. വിശദ പരിശോധനയ്ക്ക് സാമ്പിള്‍ അയച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചുവരുകയാണ്.

അതേസമയം രാത്രി തന്‍റെ വീട് ആക്രമിച്ചതിന് പിന്നില്‍ സിപിഎം ആണെന്നാണ് ഹരിഹരന്റെ ആരോപണം. സിപിഎം അല്ലാതെ മറ്റാരും ഇത് ചെയ്യില്ലെന്നാണ് ഹരിഹരൻ പറയുന്നത്. ആക്രമണത്തിന് മുമ്പ് വീടിന് സമീപത്ത് കണ്ട കാര്‍ വടകര രജിസ്ട്രേഷനിലുള്ളതാണെന്നും എന്നാൽ ഈ കാര്‍ ഇതിനോടകം കൈമാറി കഴിഞ്ഞിട്ടുണ്ടാകുമെന്നുമാണ് ഹരിഹരൻ പറയുന്നത്. മാപ്പ് പറഞ്ഞാൽ തീരില്ലെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ പ്രസ്താവനയുടെ തുടർച്ചയാണ് ആക്രമണമെന്നും ഹരിഹരൻ ആരോപിച്ചു.

കഴിഞ്ഞ ദിവസം രാത്രി 8:15ഓടെയാണ് ഹരിഹരന്‍റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് ആക്രമണമുണ്ടായത്. സ്ഫോടകവസ്തു മതിലില്‍ തട്ടി പൊട്ടി തെറിച്ചുപോയി. പൊലീസ് ഉടനെ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടക വസ്തു എറിഞ്ഞവർ പിന്നീട് വന്ന് അവശിഷ്ടങ്ങള്‍ വാരിക്കൊണ്ടുപോയെന്നും ഹരിഹരൻ പറഞ്ഞു.

ശനിയാഴ്ച വടകരയിൽ നടന്ന യുഡിഎഫ് പരിപാടിയിലാണ് സിപിഎം നേതാവ് കെ.കെ ശൈലജയെ ഹരിഹരൻ വിമർശിച്ചത്. ഇത് വിവാദമായതോടെ ഇയാൾ ക്ഷമാപണം നടത്തിയിരുന്നു. ഇതിനിടെ സിപിഎം പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് വീടിന് നേരെയുള്ള ആക്രമണം. ഷാഫി പറമ്പിലും കെകെ രമയും ഹരിഹരനെ തള്ളിയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments