കൊല്ലം : ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാം പ്രതിയായ അനുപമ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. പഠനം തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അനുപമ ഹർജി നൽകിയത് . എന്നാൽ, സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാദ്ധ്യതയുണ്ടെന്ന് കാണിച്ച് അനുപമയ്ക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. ഇത് അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
കേസിൽ ഒന്നാം പ്രതിയായ കെആർ പത്മകുമാറിന്റെയും (51), ഭാര്യ അനിതകുമാരിയുടെയും (39) മകളാണ് അനുപമ. ആദ്യ രണ്ട് പ്രതികളും ഇതുവരെ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല. കഴിഞ്ഞ നവംബർ അവസാനമാണ് ആറ് വയസുകാരിയെ ഇവർ കാറിൽ തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച പ്രതികളെ ഡിസംബർ ഒന്നിനാണ് പിടികൂടിയത്. പൂയപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ജില്ലാ റൂറൽ ക്രൈംബ്രാഞ്ച് സംഘം തുടർ അന്വേഷണം നടത്തി ഫെബ്രുവരി എട്ടിന് കുറ്റപത്രം സമർപ്പിച്ചിരുന്നു.
നർത്തകിയും സോഷ്യൽ മീഡിയ താരവുമായിരുന്നു അനുപമ. ഫേസ്ബുക്കിലും യൂട്യൂബിലുമെല്ലാം സജീവമായിരുന്നു. യൂട്യൂബിൽ മാത്രം അഞ്ച് ലക്ഷം സബ്സ്ക്രൈബേഴ്സായിരുന്നു അറസ്റ്റിലായിരുന്നപ്പോൾ യുവതിയ്ക്കുണ്ടായിരുന്നത്. അനുപമ പത്മൻ എന്ന പേരിലാണ് ഫേസ്ബുക്ക് ഐഡിയും യൂട്യൂബ് ചാനലും. യൂട്യൂബിൽ 381 വീഡിയോകളാണ് ഇതുവരെ അപ്ലോഡ് ചെയ്തിട്ടുള്ളത്. ഇംഗ്ലീഷിലാണ് അവതരണം. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷിയാനെക്കുറിച്ചായിരുന്നു കൂടുതലും വീഡിയോ ചെയ്തിരുന്നത്