
ജയ് ശ്രീറാം എഴുതിവെച്ച വിദ്യാർത്ഥികളെ ജയിപ്പിച്ചെന്ന് കണ്ടെത്തി; രണ്ട് പ്രൊഫസർമാർക്ക് സസ്‌പെൻഷൻ
ലക്‌നൗ : ‘ജയ് ശ്രീറാം’ മുദ്രാവാക്യം ഉത്തരക്കടലാസിൽ എഴുതിവച്ച വിദ്യാർത്ഥികളെ ജയിപ്പിച്ചതായി പരാതി. ഉത്തർപ്രദേശ് സർവകലാശാലയിലെ ഒന്നാംവർഷ വിദ്യാർത്ഥികളാണ് പരീക്ഷാപേപ്പറിൽ ‘ജയ് ശ്രീറാം’ എന്നും ക്രിക്കറ്റ് താരങ്ങളുടെ പേരും, പാട്ടിന്റെ വരികളും എഴുതിവച്ചത്.
ക്രമക്കേടിൽ പരാതി ഉയർന്നതിന് പിന്നാലെ പണം വാങ്ങി വിദ്യാർത്ഥികൾക്ക് മാർക്ക് നൽകി ജയിപ്പിച്ച രണ്ട് പ്രെഫസർമാരെ സസ്‌പെൻഡ് ചെയ്തു. സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജോൻപൂരിലെ വീർ ബഹാദുർ സിംഗ് പൂർവാഞ്ചൽ സർവകലാശാലയിലാണ് സംഭവം നടന്നത്.
പൂജ്യം മാർക്ക് വരെ ലഭിച്ച വിദ്യാർത്ഥികളെ കോളേജ് അധികൃതരുടെ സഹായത്തോടെ 60 ശതമാനത്തിലധികം മാർക്ക് നൽകി ജയിപ്പിച്ചതായി വിദ്യാർത്ഥി നേതാവ് ദിവ്യാൻഷു സിംഗ് പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവർണർ തുടങ്ങിയവർക്ക് അയച്ച കത്തിൽ പരാതിപ്പെടുന്നു.
പരാതികൾക്ക് പിന്നാലെ കമ്മിറ്റി രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ചില വിദ്യാർത്ഥികൾക്ക് കൂടുതൽ മാർക്ക് നൽകിയിരിക്കുന്നതായി കണ്ടെത്തിയതായി വൈസ് ചാൻസലർ വന്ദന സിംഗ് പറഞ്ഞു. എന്നാൽ ജയ് ശ്രീറാം മുദ്രാവാക്യങ്ങളുള്ള ഉത്തരക്കടലാസുകൾ കണ്ടിട്ടില്ലെന്നും വി സി വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ രാജ് ഭവൻ വിസിക്ക് നിർദേശം നൽകി.
ഡോ. വിനയ് ശർമ്മ, മനീഷ് ഗുപ്‌ത എന്നീ അദ്ധ്യാപകരെയാണ് സസ്‌പെൻഡ് ചെയ്തത്. ക്രമക്കേടിൽ ഉൾപ്പെട്ടവരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ കമ്മിറ്റി ശുപാർശ നൽകിയതായും തിരഞ്ഞെടുപ്പ് ചട്ടങ്ങൾ മാറിയതിനുശേഷം ഇതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വി സി വ്യക്തമാക്കി.