സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസന്‍സ് ബാധകമാക്കേണ്ടെന്ന തീരുമാനം പിന്‍വലിക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു

VD SAtheesan Lettered to CM Pinarayi Vijayan about Education departments circular

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസന്‍സ് ബാധകമാക്കേണ്ടതില്ലെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

സംസ്ഥാനത്ത് സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന വിവാദ ഉത്തരവിനെക്കുറിച്ച് ഇന്നലെ മലയാളം മീഡിയ ലൈവാണ് പുറത്തുകൊണ്ടുവന്നത്. തുടർന്നാണ് പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍. കുട്ടികളുടെ ഉച്ചഭക്ഷണം ഒരു ബിസിനസല്ലെന്നും നിയമം അനുശാസിക്കുന്നതുകൊണ്ട് മാത്രം വിതരണം ചെയ്യുന്നതാണെന്നുമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. സ്റ്റാറ്റിയൂട്ടറി, ലീഗല്‍ പ്രൊവിഷനായിട്ടാണ് ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കപ്പെടുന്നത് എന്നതുകൊണ്ട് ഫുഡ് സേഫ്റ്റി & സ്റ്റാന്‍ഡേര്‍ഡ്‌സ് റെഗുലേഷന്‍ 2021 പ്രകാരമുള്ള ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമാക്കേണ്ടെന്ന് സര്‍ക്കാര്‍ പൊതുവിഭ്യാഭ്യാസ ഡയറക്ടറെ അറിയിക്കുകയായിരുന്നു.

സ്‌കൂളുകളില്‍ ഭക്ഷ്യ വിഷബാധയേറ്റ നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടും ഗുണനിലവാര പരിശോധന വേണ്ടെന്ന് തീരുമാനിച്ചത് നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

കത്ത് പൂര്‍ണരൂപത്തില്‍

സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തിന് കേന്ദ്ര നിയമത്തില്‍ അനുശാസിക്കുന്ന ഭക്ഷ്യ സുരക്ഷ ലൈസന്‍സ് ബാധകമാക്കേണ്ടതില്ലെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടു കാണുമല്ലോ.

23-03-2024 ലെ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ നമ്പര്‍ എം 1/367/2023/പൊ.വി.വ ഉത്തരവ് പ്രകാരം കുട്ടികളുടെ ഉച്ചഭക്ഷണം ഒരു ബിസിനസല്ലെന്നും നിയമം അനുശാസിക്കുന്നതു കൊണ്ട് മാത്രം വിതരണം ചെയ്യുന്നതിനാല്‍ ഭക്ഷ്യ സുരക്ഷ ലൈസന്‍സ് ബാധകമാക്കേണ്ടതില്ലെന്നുമാണ് പറഞ്ഞിരിക്കുന്നത്.

വെങ്ങാനൂര്‍ ഉച്ചക്കട എല്‍.പി സ്‌കൂളിലും, കായംകുളം ടൗണ്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിലും കോഴിക്കോട് കീഴ്പ്പയ്യൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂളിലും ജി.വി രാജ സ്പോര്‍ട്സ് സ്‌കൂളിലും നെയ്യാറ്റിന്‍കര തത്തിയൂര്‍ പി.വി യു.പി.എസിലും ഉച്ചഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലും ഭക്ഷണത്തിന്റെ ഗുണനിലവാര പരിശോധന വേണ്ടെന്ന തീരുമാനം നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണ് .

വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ സേഫ് ഫുഡ് ആന്റ് ഹെല്‍ത്ത് ഡയറ്റ്സ് ഫോര്‍ സ്‌കൂള്‍ ചില്‍ഡ്രന്‍ റെഗുലേഷന്‍-2020 മൂന്നാം വകുപ്പില്‍ നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്; Responsibilities of school authorities to ensure safe food and balance diet on school premises.

കേന്ദ്ര ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. കുട്ടികളുടെ ഉച്ചഭക്ഷണത്തിന്റെ കാര്യത്തില്‍ കേന്ദ്ര നിയമം പാലിക്കേണ്ടതില്ലെന്ന തീരുമാനം അതുകൊണ്ട് തന്നെ നിയമവിരുദ്ധവുമാണ്. സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണത്തില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന വേണ്ടെന്ന് തീരുമാനിച്ചതിലൂടെ കുട്ടികളുടെ ആരോഗ്യത്തിന് എന്ത് വിലയാണ് ഈ സര്‍ക്കാര്‍ കല്‍പ്പിക്കുന്നത്?

നിയമവിരുദ്ധവും ജനവിരുദ്ധവുമായ ഉത്തരവ് പിന്‍വലിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ വിതരണത്തില്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Read Also: സ്‌കൂള്‍ കുട്ടികളുടെ ഭക്ഷണത്തിന് സുരക്ഷ വേണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി; വിദ്യാര്‍ത്ഥികളുടെ ആരോഗ്യം വെച്ച് പന്താടുന്നത് അധ്യാപക സംഘടനയെ പ്രീതിപ്പെടുത്താന്‍

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments