KeralaSuccess Stories

അഭിമാനമായി സിദ്ധാ‍ർഥ് രാംകുമാർ; ആദ്യം തോല്‍വി പിന്നീട് ഹാട്രിക്; നാലാം റാങ്ക് നേട്ടം IPS പരിശീലനത്തിനിടെ

കൊച്ചി: 2023ൽ നടന്ന സിവിൽ സർവീസ് പരീക്ഷയിൽ നാലാം റാങ്ക് നേടി കേരളത്തിന് അഭിമാനമായി പികെ സിദ്ധാർഥ് രാംകുമാർ. എറണാകുളം സ്വദേശിയാണ് സിദ്ധാർഥ്. രണ്ട് തവണ ഐപിഎസ് യോഗ്യത നേടിയിട്ടുള്ള സിദ്ധാ‍ർഥ് നിലവിൽ ഐപിഎസ് ട്രെയിനിങ്ങുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണ്.

കഴിഞ്ഞ പരീക്ഷയില്‍ സിദ്ധാര്‍ഥിന് 121-ാം റാങ്കാണ് നേടിയത്. ഇത്തവണത്തേത് ഉള്‍പ്പെടെ അഞ്ച് തവണയാണ് സിദ്ധാര്‍ഥ് സിവില്‍ സര്‍വീസ് എഴുതിയത്. ആദ്യത്തെ തവണ പ്രിലിമിനറി പോലും കടക്കാതിരുന്ന സിദ്ധാര്‍ഥ് പിന്നീട് തുടര്‍ച്ചയായി മൂന്ന് വര്‍ഷമാണ് ലിസ്റ്റില്‍ ഇടം പിടിച്ചത്. ഓരോ തവണയും സ്വന്തം റാങ്ക് മെച്ചപ്പെടുത്തി. 2019-ല്‍ ആര്‍ക്കിടെക്ചര്‍ ബിരുദം പൂര്‍ത്തിയാക്കിയ സിദ്ധാര്‍ഥ്, അന്നുമുതല്‍ സിവില്‍ സര്‍വിസ് മോഹങ്ങളുടെ പിന്നാലെയായിരുന്നു.

2020-ല്‍ റാങ്ക് ലിസ്റ്റിനു പകരം റിസര്‍വ് ലിസ്റ്റില്‍ ഇടംപിടിച്ചു. ഇന്ത്യന്‍ പോസ്റ്റ് ആന്‍ഡ് ടെലികോം അക്കൗണ്ട്‌സ് ആന്‍ഡ് ഫിനാന്‍സ് സര്‍വീസില്‍ ജോലി ലഭിച്ചു. ജോലിക്കിടെ പരിശീലനത്തിനു സമയം കണ്ടെത്തി. 2021-ല്‍ വീണ്ടും സിവില്‍ സര്‍വീസ് എഴുതി. അപ്പോള്‍ തേടയിയെത്തിയത് 181-ാം റാങ്ക്. ഇതോടെ ഐപിഎസ് ലിസ്റ്റില്‍ ഇടംപിടിച്ചു.

2021ലും 2022ലും സിദ്ധാ‍ർഥ് ഐപിഎസ് നേടിയിട്ടുണ്ട്. 2022ൽ മികച്ച റാങ്കോടെയായിരുന്നു നേട്ടം. എന്നാൽ ഐഎഎസ് എന്ന സ്വപ്നം സിദ്ധാ‍ർഥിന് നേടാനായില്ല. ഇതോടെയാണ് വീണ്ടും ശ്രമം നടത്തിയതും വിജയം കണ്ടതും. 2022ൽ വെസ്റ്റ് ബംഗാൾ കേഡറിലാണ് ഐപിഎസ് ലഭിച്ചത്. ചിന്മയ വിദ്യാലയത്തിലെ പ്രിൻസിപ്പാളായ രാംകുമാർ ആണ് സിദ്ധാ‍ർഥിന്റെ പിതാവ്. രതി ആണ് അമ്മ. ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനായ ആ‍ദർശ് സഹോദരനാണ്.

സിദ്ധാ‍ർഥിൻ്റെ നേട്ടം അപ്രതീക്ഷിതമാണെന്നും വലിയ സന്തോഷമുണ്ടെന്നും പിതാവ് രാംകുമാ‍ർ പ്രതികരിച്ചു. സിദ്ധാ‍ർഥിന് ക്രിക്കറ്റിൽ വലിയ താത്പര്യമുണ്ടെന്നും പിതാവ് പറഞ്ഞു. സിദ്ധാർഥ് അധികം സംസാരിക്കില്ലെന്നും നല്ലതുപോലെ പഠിക്കുമായിരുന്നുവെന്നും അമ്മ രതി പറഞ്ഞു. എന്നുവെച്ചു പഠിപ്പിസ്റ്റല്ല, അവൻ ഓൾ റൗണ്ടറാണ്. കളിയുമുണ്ട്, പഠനവുമുണ്ടെന്നും അമ്മ ചൂണ്ടിക്കാട്ടി.

സിദ്ധാർഥ് ഓൾ റൗണ്ടറാണെന്ന് സഹോദരൻ ആദ‍ർശും പറഞ്ഞു. പഠനത്തിലും കളിയിലും അവൻ മുൻപിലാണ്. കുട്ടികൾക്കൊപ്പം കളിക്കാൻ പോകാറുണ്ട്. പക്ഷേ, ഇക്കുറി പരീക്ഷ എഴുതിയ കാര്യം തങ്ങൾ അറിഞ്ഞിട്ടില്ല. ടിവിയിൽ പരീക്ഷാ ഫലം കണ്ടപ്പോഴാണ് വിവരം അറിഞ്ഞതെന്നും സഹോദരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *