
ശ്രീനഗർ : പള്ളിയിൽ നിർമ്മാണ സമയത്ത് സംഭാവന കിട്ടിയ മുട്ട ലേലത്തിൽ വച്ചു. വിറ്റ് പോയത് 70,000 രൂപയ്ക്ക്. ജമ്മു കാശ്മീരിലെ സോപോറിലെ മൽപോറ ഗ്രാമത്തിലെ പള്ളിക്ക് വേണ്ടി ആളുകൾ പല സാധനങ്ങളും സംഭാവനയായി നൽകിയിരുന്നു. അക്കൂട്ടത്തിൽ ഒരു മുട്ടയും ഉണ്ടായിരുന്നു.
മസ്ജിദ് കമ്മിറ്റി മുട്ട സ്വീകരിക്കുകയും മറ്റ് സംഭാവനകൾ പോലെ ലേലത്തിൽ വയ്ക്കുകയും ചെയ്തു. പിന്നീട് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു സംഭവിച്ചത്. ലേലത്തിൽ പങ്കെടുത്തവരെ ഏറ്റവും ആകർഷിച്ചത് ഈ മുട്ടയായിരുന്നു.
ലേലത്തിൽ മുട്ട സ്വന്തമാക്കിയ ആൾ വീണ്ടും അത് പള്ളിക്ക് സംഭാവനയായി നൽകി. പള്ളി കമ്മിറ്റി അത് വീണ്ടും ലേലത്തിൽ വച്ചു. അങ്ങനെ അത് പല കൈകളും മറിഞ്ഞ് ഒടുവിൽ 70,000 രൂപയ്ക്ക് ഒരാൾ മുട്ട വാങ്ങിയതായി നാട്ടുകാർ പറയുന്നു.
ആവർത്തിച്ചുള്ള മുട്ടലേലത്തിലൂടെ രണ്ട് ലക്ഷത്തിലധികം രൂപയാണ് പള്ളിക്ക് ലഭിച്ചത്. ‘ഈ മുട്ടയുടെ ലേലം പൂർത്തിയാക്കി, ഇതിലൂടെ 2.26 ലക്ഷം രൂപ സമാഹരിച്ചു.’ – പള്ളി കമ്മിറ്റി അംഗം പറഞ്ഞു.