ശമ്പളവും പെന്‍ഷനും ക്ഷേമപെന്‍ഷനും കയ്യാലപ്പുറത്താകും; ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബാലഗോപാലിന്റെ പ്ലാന്‍ ബി തുടങ്ങും!
തിരുവനന്തപുരം: കുതിച്ചുയരുന്ന കടത്തില്‍ നില്‍ക്കകള്ളിയില്ലാതെ കേരളം. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ സാമ്പത്തിക വര്‍ഷം നിയമസഭ പാസാക്കിയ തുക വകുപ്പുകള്‍ക്ക് കിട്ടില്ലെന്ന സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുകയാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.
2023- 24 സാമ്പത്തിക വര്‍ഷാവസനത്തില്‍ ട്രഷറി ക്യൂവില്‍ ഉള്‍പ്പെടുത്തിയ ബില്ലുകള്‍ / ചെക്കുകള്‍ ക്ലിയര്‍ ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഈ മാസം 8 ന് ധനവകുപ്പ് പുറപ്പെടുവിച്ചിരുന്നു. ട്രഷറി ക്യൂവില്‍ നിന്നും പുനഃസമര്‍പ്പിക്കുന്ന ബില്ലുകളുടെ തുക കിഴിച്ചുള്ള ബജറ്റ് വിഹിതത്തിന് മാത്രമേ നടപ്പ് സാമ്പത്തികവര്‍ഷം സര്‍ക്കാര്‍ വകുപ്പുകള്‍ ഭരണാനുമതി കൊടുക്കാന്‍ പാടുള്ളൂവെന്നാണ് ബാലഗോപാലിന്റെ നിര്‍ദ്ദേശം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ചെലവ് ഈ സാമ്പത്തിക വര്‍ഷത്തില്‍ നിന്നു കണ്ടെത്തണമെന്നും മിച്ചമുള്ള തുക മാത്രമേ വകുപ്പുകള്‍ ഭരണാനുമതി നല്‍കാവൂ എന്ന നിര്‍ദ്ദേശത്തോട് കൂടി ഈ സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ വെട്ടിച്ചുരുക്കി എന്ന് വ്യക്തം. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതം വെട്ടിച്ചുരുക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വ്വം.
നടപ്പുവര്‍ഷം കേരളത്തിന് 37,500 കോടി രൂപ കടമെടുക്കാം. കിഫ്ബി, പെന്‍ഷന്‍ കമ്പനി എന്നിവര്‍ എടുത്ത കടം കേന്ദ്രം ഇതില്‍ നിന്ന് കുറയ്ക്കും. 12000 കോടിയോളം വെട്ടി കുറയ്ക്കും എന്നാണ് റിപ്പോര്‍ട്ട്. ഫലത്തില്‍ 25500 കോടി രൂപയാണ് കേരളത്തിന് നടപ്പ് വര്‍ഷം കടമെടുക്കാന്‍ സാധിക്കുക.
ശമ്പളവും പെന്‍ഷനും വരെ മുടങ്ങും. ക്ഷേമ പെന്‍ഷന്‍ അവകാശമല്ല എന്ന നിലപാട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ച് കഴിഞ്ഞു. പണം ഉണ്ടാകുമ്പോള്‍ പെന്‍ഷന്‍ തരും എന്നാണ് സര്‍ക്കാര്‍ നിലപാട്. 2023 നവംബര്‍ വരെയുള്ള ക്ഷേമ പെന്‍ഷന്‍ മാത്രമാണ് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ക്ഷേമപെന്‍ഷന്‍ നിലവില്‍ നാല് മാസം കുടിശികയാണ്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ക്ഷേമ പെന്‍ഷന്‍ കുടിശിക പത്ത് മാസമായി ഉയരുമെന്നാണ് ധനവകുപ്പില്‍ നിന്ന് ലഭിക്കുന്ന സൂചന. വകുപ്പുകള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതിലൂടെ ലോകസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ‘ചില കടുത്ത പ്രയോഗങ്ങള്‍’ ബാലഗോപാല്‍ വക ഉണ്ടാകും. പ്ലാന്‍ ബി പുറത്തെടുക്കാനുള്ള ഹോം വര്‍ക്കിലാണ് ബാലഗോപാല്‍.