CinemaCrime

നടിയെ ആക്രമിച്ച കേസ് : മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചത് മൂന്നുതവണ, ഹൈക്കോടതിയെ സമീപിച്ച് അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതായി തെളിഞ്ഞു. അതിജീവിതയുടെ ആരോപണം ശരിവച്ച് ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്ത് .മെമ്മറി കാർഡ് ചോർന്നെന്ന ആരോപണത്തിൽ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയത്. ആരോപണങ്ങൾ ശരിവയ്ക്കുന്ന കണ്ടെത്തലുകളാണ് റിപ്പോർട്ടിൽ ഉള്ളത്.

2018ൽ അങ്കമാലി മജിസ്ട്രേറ്റ് മെമ്മറി കാർഡ് സ്വകാര്യ കസ്റ്റഡിയിൽ സൂക്ഷിച്ചു എന്നുള്ള ഗുരുതര കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. അപ്രകാരം സൂക്ഷിക്കാമെന്ന ധാരണയിലായിരുന്നു ഇങ്ങനെ ചെയ്തതെന്നായിരുന്നു മൊഴി നൽകിയത്.അടിമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പിഎയായ മഹേഷ്, വിചാരണക്കോടതി ശിരസ്തദാർ താജുദ്ദീൻ എന്നിവർ മെമ്മറികാർഡ് പരിശോധിച്ചത്.

2018 ഡിസംബർ 13ന് ജില്ലാ ജഡ്ജിയുടെ പി എ മഹേഷ് സ്വന്തം ഫോണിൽ മെമ്മറി കാാർഡ് പരിശോധിച്ചു. രാത്രിയിൽ നടത്തിയ പരിശോധന ജഡ്ജിയുടെ നിർദ്ദേശപ്രകാരമായിരുന്നു എന്നും മൊഴിയിൽ ഉണ്ട്. ഇങ്ങനെ പരിശോധിക്കാൻ ജഡ്ജി നിർദ്ദേശിച്ചിരുന്നോ എന്ന് പരിശോധിച്ചിട്ടില്ല.

2021 ജൂലായ് 19 നാണ് വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ മെമ്മറി കാർഡ് പരിശോധിച്ചത്. സ്വന്തം ഫോൺ ഉപയോഗിച്ചായിരുന്നു പരിശോധന. ഈ ഫോൺ 2022 ൽ ഒരു യാത്രക്കിടയിൽ നഷ്ടമായെന്നും മൊഴി നൽകിയിട്ടുണ്ട്. അനധികൃത പരിശോധനകൾ പലവട്ടം നടന്നുവെന്ന് വ്യക്തമായിട്ടും പരിശോധന നടത്തിയ ഫോണുകൾ പിടിച്ചെടുക്കുകയോ തുടർ നടപടികൾ നിർദ്ദേശിക്കുകയോ ചെയ്തിട്ടില്ല.

ഇതിനെത്തുടർന്ന് കുറ്റക്കാരെ സംരക്ഷിക്കുന്ന തരത്തിലുള്ള വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. റിപ്പോർട്ട് സഹപ്രവർത്തകരെ സംരക്ഷിക്കാൻ ഉള്ളതാണെന്നും തെളിവുകൾ കസ്റ്റഡിയിലെടുത്ത് പരിശോധിക്കാതെ മൊഴി അപ്പടി വിശ്വസിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് അതിജീവിത ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *