ഡൽഹി : മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്ന കേസിൽ മുൻ മന്ത്രി ആന്റണി രാജുവിനെതിരെ സംസ്ഥാന സർക്കാർ. ആന്റണി രാജുവിന്റെ അപ്പീൽ തള്ളണമെന്ന് സംസ്ഥാനം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.
ഗൗരവകരമായ വിഷയങ്ങൾ ഉയർത്തുന്ന കേസാണിതെന്നും ആന്റണി രാജുവിനെതിരെ തെളിവുണ്ടെന്നും കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സംസ്ഥാനം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.
തനിക്കെതിരായ കേസിൽ പുനരന്വേഷണം നടത്താനുള്ള ഹൈകോടതി ഉത്തരവിനെതിരെയാണ് ആന്റണി രാജു സുപ്രീം കോടതിയിൽ ഹർജി നൽകിയത്. തുടർന്ന് കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ സുപ്രീം കോടതി തുടരന്വേഷണത്തിന് ഇടക്കാല സ്റ്റേ ഉത്തരവ് അനുവദിക്കുകയായിരുന്നു. ഹർജികളിൽ വിശദമായ പരിശോധന ആവശ്യമാണെന്ന നിരീക്ഷണത്തോടെയാണ് സുപ്രീം കോടതി ഇടക്കാല സ്റ്റേ ഉത്തരവിറക്കിയത്.
അടിവസ്ത്രത്തിൽ ഹാഷിഷ് ഒളിപ്പിച്ച് കടത്തിയ വിദേശി 1990ലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലാകുന്നത്. പ്രതിക്കെതിരായ പ്രധാന തെളിവായ അടിവസ്ത്രം അന്നത്തെ തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകനായിരുന്ന ആന്റണി രാജു മജിസ്ട്രറ്റ് കോടതിയിൽ മാറ്റി നൽകി തെളിവ് നശിപ്പിച്ചെന്നാണ് കേസ്.