കൊച്ചി: സിനിമാതാരവും ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിക്ക് പുതുച്ചേരി കാര്‍ രജിസ്‌ട്രേഷന്‍ കേസില്‍ തിരിച്ചടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി നല്‍കിയ ഹര്‍ജി കോടതി തള്ളി. 30 ലക്ഷം രൂപയുടെ നികുതി നഷ്ടമുണ്ടായെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഇത് പരിഗണിച്ചാണ് സുരേഷ് ഗോപിയുടെ ഹർജി തള്ളിയത്.
ആഡംബര കാറുകള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. 2010, 2016 വർഷങ്ങളിലായി രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തത്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രം.
പുതുച്ചേരിയില്‍ തനിക്ക് വാടക ഫ്‌ളാറ്റുണ്ടെന്നും ആ വിലാസത്തിലാണ് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. വാഹനമുടമയ്ക്ക് താന്‍ വാഹനം ഉപയോഗിക്കാനും സൂക്ഷിക്കാനും ആഗ്രഹിക്കുന്ന സ്ഥലത്ത് ഇവ രജിസ്റ്റര്‍ ചെയ്യാന്‍ നിയമം അനുവദിക്കുന്നുണ്ട്. പുതുച്ചേരിയില്‍ രജിസ്റ്റര്‍ചെയ്ത കാറുകള്‍ കേരളത്തില്‍ സൂക്ഷിച്ചതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. കേരളത്തില്‍നിന്ന് വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പക്ഷേ, ക്രൈംബ്രാഞ്ച് ഇതൊന്നും അംഗീകരിച്ചില്ല.
എന്നാല്‍ വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണ് പുതുച്ചേരിയില്‍ കാറുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നും ഇതിലൂടെ കേരളത്തിന് 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും പ്രോസിക്യൂഷൻ വാദിച്ചു. സുരേഷ് ഗോപി 2010 ലും 2016 മാണ് കോട്ടയത്തെ ഡീലറില്‍നിന്ന് രണ്ട് ആഡംബര കാറുകള്‍ വാങ്ങിയത്.