FinanceNews

ശമ്പള പരിഷ്കരണ കുടിശിക: ജീവനക്കാർക്ക് നൽകാനുള്ളത് 4000 കോടി!

മൂന്നാം ഗഡു ട്രഷറിയിൽ നിന്ന് പാസാക്കരുതെന്ന് കെ.എൻ ബാലഗോപാലിന്റെ വാക്കാൽ നിർദ്ദേശം

തിരുവനന്തപുരം: ശമ്പള പരിഷ്കരണ കുടിശിക ഇനത്തിൽ ജീവനക്കാർക്ക് സർക്കാർ നൽകാനുള്ളത് 4000 കോടി. 2019 ജൂലൈ ഒന്ന് മുതൽ 2021 ഫെബ്രുവരി 28 വരെയുള്ള ശമ്പള പരിഷ്കരണ കുടിശിക 4 ഗഡുക്കളായി 25 ശതമാനം വീതം 2023 എപ്രില്‍, ഒക്ടോബർ, 2024 എപ്രില്‍, ഒക്ടോബർ മാസങ്ങളിലായി ജീവനക്കാരുടെ പി.എഫ് അക്കൗണ്ടിൽ ക്രഡിറ്റ് ചെയ്യുമെന്നായിരുന്നു വാഗ്ദാനം. 2021 ഫെബ്രുവരിയിൽ തോമസ് ഐസക്ക് ഇത് സംബന്ധിച്ച് ഉത്തരവും ഇറക്കി.

എന്നാല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിലെത്തിയതോടെ ഏതു ശമ്പള പരിഷ്കരണ കുടിശിക എന്ന മനോഭാവത്തിലാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ . ഐസക്ക് ഇറക്കിയ ഉത്തരവ് കാണിച്ചിട്ട് പോലും ബാലഗോപാൽ അനങ്ങിയില്ല. 1-4-23 ലും 1-10-23 ലും ലഭിക്കേണ്ട ശമ്പള പരിഷ്കരണ കുടിശികയുടെ രണ്ട് ഗഡുക്കളും ബാലഗോപാൽ അനന്തമായി മരവിപ്പിച്ചു.

ആദ്യ 2 ഗഡുക്കൾ കൊടുക്കാൻ വേണ്ടത് 2000 കോടി ആയിരുന്നു. ഇത് അനുവദിച്ചാൽ സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി കൂടുതൽ പരിതാപകരമാകുമെന്നായിരുന്നു മരവിപ്പിച്ച ഉത്തരവിൽ ബാലഗോപാൽ വ്യക്തമാക്കിയത്. മൂന്നാം ഗഡു 1.4. 2024ൽ ലഭിക്കേണ്ടതാണ്. ഇതിൽ എന്താണ് തീരുമാനം എന്നറിയാൻ ഫയൽ ധനമന്ത്രിയുടെ ഓഫിസിൽ എത്തിയിട്ട് 15 ദിവസമായി. ഇതുവരെ ബാലഗോപാൽ ഇത് തുറന്ന് നോക്കിയിട്ടില്ല .

കഴിഞ്ഞ 2 ഗഡുവിൻ്റെ അവസ്ഥ പോലെ മരവിപ്പിക്കുമോ എന്ന ആശങ്കയിലാണ് ജീവനക്കാർ. ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ മൂന്നാം ഗഡുവും മരവിപ്പിച്ചാൽ തിരിച്ചടി ആകുമെന്ന ഭയത്താൽ ഫയൽ തുറന്ന് നോക്കാതെ ഇരിക്കുകയാണ് ബാലഗോപാൽ.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് തീരുമാനിക്കാം എന്ന ഉപദേശമാണ് ഐസക്ക് വക ബാലഗോപാലിന് കിട്ടിയത്. നിലവിൽ 1.4.24 ന് മൂന്നാം ഗഡു ലഭിക്കുമെന്ന ഉത്തരവ് പ്രാബല്യത്തിലുണ്ട്. അതുകൊണ്ട് ഏതെങ്കിലും ജീവനക്കാരൻ മൂന്നാം ഗഡുവിന് വേണ്ടി ട്രഷറിയിൽ ബിൽ സമർപ്പിച്ചാൽ ബിൽ പാസാകും. മൂന്നാം ഗഡു ജീവനക്കാരൻ്റെ പോക്കറ്റിൽ പോകും. ഇതിൻ്റെ അപകടം ധന സെക്രട്ടറി ബോധ്യപ്പെടുത്തിയതോടെ ശമ്പള പരിഷ്കരണത്തിൻ്റെ മൂന്നാം ഗഡു ട്രഷറിയിൽ നിന്ന് പാസാക്കി കൊടുക്കരുതെന്ന് വാക്കാൽ നിർദ്ദേശം നൽകിയിരിക്കുകയാണ് ബാലഗോപാൽ.

ജീവനക്കാരുടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിച്ച ബാലഗോപാലിൻ്റെ നടപടി മൂലം തലയിൽ മുണ്ടിട്ട് നടക്കുകയാണ് ഭരണാനുകൂല സർവീസ് സംഘടനകൾ.

Read Also: ഓരോ ജീവനക്കാരനും ലഭിക്കേണ്ട ശമ്പള പരിഷ്കരണ കുടിശിക അറിയാം

Leave a Reply

Your email address will not be published. Required fields are marked *