തിരുവനന്തപുരം: മലയാളി ദമ്പതിമാരെയും സുഹൃത്തായ യുവതിയെയും അരുണാചല്‍ പ്രദേശിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശികളായ നവീന്‍, ഭാര്യ ദേവി, തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശി ആര്യ എന്നിവരാണ് മരിച്ചത്.
മാര്‍ച്ച് 26-നാണ് മൂവരും കേരളത്തില്‍നിന്ന് അരുണാചലിലേക്ക് പോയത്. 27ന് ആര്യയെ കാണ്‍മാനില്ലെന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് മരണ വാര്‍ത്ത അറിഞ്ഞത്. 28ന് ലോവര്‍ സുബാന്‍സിരി ജില്ലയിലെ ജിറോ എന്ന സ്ഥലത്തെ ഹോട്ടലില്‍ മുറിയെടുത്തെന്നാണ് വിവരം.
നവീനും ദേവിയും ആയുർവേദ ഡോക്ടർമാരായിരുന്നു. പിന്നീട് ഇവർ ഇത് ഉപേക്ഷിച്ച് നവീൻ ഓണ്‍ലൈൻ ട്രേഡിങിലേക്കും ദേവി ജർമൻ ഭാഷ അധ്യാപനവുമായി മുന്നോട്ടുപോകുകയായിരുന്നു. ആര്യയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു.
രക്തം വാർന്ന് മരണം
സന്തോഷത്തോടെ ജീവിച്ചു, സന്തോഷത്തോടെ യാത്രയാകുന്നുവെന്നുള്ള കുറിപ്പാണ് ഇവരുടെ മുറിയില്‍ നിന്ന് കിട്ടിയിരിക്കുന്നത്. കൈഞരമ്പ് മുറിച്ച് അതില്‍ നിന്ന് രക്തം വാർന്നാണ് മരണം സംഭവിച്ചിരിക്കുന്നത്. കൈഞ്ഞരമ്പിന് പുറമേ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവുണ്ട്. ഇനി രണ്ട് യുവതികളെയും കൊലപ്പെടുത്തി നവീൻ ആത്മഹത്യ ചെയ്തതാണോ എന്ന സംശയവും പോലീസ് ഉയർത്തുന്നുണ്ട്. അന്വേഷണം പ്രാരംഭഘട്ടത്തില്‍ ആയിട്ടേയുള്ളൂ. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ ബന്ധുക്കള്‍ അരുണാചല്‍ പ്രദേശിലേക്ക് തിരിച്ചിട്ടുണ്ട്. അവിടെത്തി മൃതദേഹം നാട്ടിലെത്തിക്കാനാണ് തീരുമാനം.
സംശയം ബ്ലാക്ക് മാജിക്
മരണാനന്തര ജീവിതത്തെ കുറിച്ച് മരണത്തിന് രണ്ടുദിവസം മുമ്പുപോലും നവീൻ പരിശോധിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങളൊന്നും പ്രഥമദൃഷ്ട്യാ വീട്ടുകാർക്ക് അറിയില്ലെങ്കിലും, പിന്നില്‍ ദുരൂഹതയുണ്ടെന്ന് ഇവർ പറയുന്നു. ബ്ലാക്ക് മാജിക് അഥവാ ആഭിചാരമാണോ ഇതിന് പിന്നിലെന്നാണ് പ്രധാന സംശയം. മരണത്തിന് മുമ്പ് മരണാനന്തര ജീവിതത്തെക്കുറിച്ച് അന്വേഷിച്ചിരുന്നെന്ന കണ്ടെത്തലിനെ തുടർന്നാണിത്.
പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫർ ബാലൻ മാധവൻ്റെയും ക്രൈസ്റ്റ്നഗറിലെ അധ്യാപിക ലതയുടെയും ഏക മകളാണ് ദേവി. ഭർത്താവ് നവീൻ തോമസ് കോട്ടയം മീനടം സ്വദേശിയും റിട്ടേഡ് ഉദ്യോഗസ്ഥരായ എംവി തോമസിന്റെയും അന്ന തോമസിന്റെയും മകനാണ്. തിരുവനന്തപുരം ചെമ്പക സ്കൂളിലെ അധ്യാപികയാണ് ആര്യ. മേലേത്തുമട അനില്‍കുമാറിന്റെ ഏക മകളാണ്. തിരുവനന്തപുരം അയുർവേദ കോളേജിലെ പഠനകാലത്താണ് നവീനും ദേവിയും പരിചയത്തിലാകുന്നതും പിന്നീട് വിവാഹിതരാകുന്നതും.
ആര്യ ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ ദേവിയും മുൻപ് ജോലി ചെയ്തിരുന്നു. ജർമൻ ഭാഷ പഠിപ്പിക്കുന്ന ദേവിയും ഫ്രഞ്ച് ഭാഷ പഠിപ്പിക്കുന്ന ആര്യയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇന്ന് രാവിലെയാണ് ഇറ്റാനഗര്‍ പൊലീസ് മരണവിവരം ബന്ധുക്കളെയും കേരള പൊലീസിനെയും അറിയിച്ചത്. മരിച്ചവരുടെ മുറിയിൽ നിന്ന് ലഭിച്ച രേഖകൾ പ്രകാരമാണ് ഇറ്റാനഗര്‍ പൊലീസ് ആളുകളെ തിരിച്ചറിഞ്ഞത്.
ആര്യയെ കാണാനില്ലെന്ന് പരാതിയില്‍ വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തിരുന്നു. ആ അന്വേഷണത്തിലാണ് ഇവർ മൂന്നുപേരുമാണ് വിമാനമാർഗ്ഗം സംസ്ഥാനം വിട്ടതെന്ന് കണ്ടെത്തിയത്.
പൊലീസ് അന്വേഷണത്തിൽ ആര്യയുടെ സുഹൃത്തായ ദേവിയും ഭര്‍ത്താവ് നവീനും ഒപ്പമുണ്ടെന്നും വിമാന മാര്‍ഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായും കണ്ടെത്തിയിരുന്നു. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. അതിനാൽ ബന്ധുക്കൾ അന്വേഷിച്ചിരുന്നില്ല. എന്നാൽ ആര്യയുടെ തിരോധാനം അന്വേഷിച്ചപ്പോഴാണ് ഇവരും ഒപ്പം പോയതാണെന്ന് മനസിലായത്.