പിണറായി ഫേസ്ബുക്കില്‍ ഒന്നാമന്‍; ജനങ്ങളുടെ ചെലവില്‍ സോഷ്യല്‍മീഡിയയില്‍ 16 ലക്ഷം ഫോളോവേഴ്‌സുമായി കേരള മുഖ്യമന്ത്രി

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ രാജാവായി പിണറായി. കേരളത്തിലെ രാഷ്ട്രിയക്കാരില്‍ സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമായ ഫേസ് ബുക്കില്‍ 16 ലക്ഷം പേരാണ് പിണറായിയുടെ പേജിനെ പിന്തുടരുന്നത്.

മുന്‍കാലങ്ങളില്‍ പി.ആര്‍.ഡിയ്ക്കായിരുന്നു മുഖ്യമന്ത്രിയുടെ മുഖം മിനുക്കാനുള്ള ചുമതല. പിണറായി മുഖ്യമന്ത്രിയായി എത്തിയതോടെ പി.ആര്‍.ഡി പവനായി ആയി. 12 അംഗ സോഷ്യല്‍ മീഡിയ ടീമിനെ തന്റെ മുഖം മിനുക്കാന്‍ പിണറായി നിയോഗിച്ചു. അവര്‍ പരാജയപ്പെടുമ്പോള്‍ കോടികള്‍ മുടക്കി മുംബൈയില്‍ നിന്ന് പി.ആര്‍ ടീം പറന്നിറങ്ങും.

80 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ 12 അംഗ സോഷ്യല്‍ മീഡിയ ടീമിന്റെ ശമ്പളത്തിനായി ഒരു വര്‍ഷം ചെലവഴിക്കുന്നത്. 2016 മെയ് മുതല്‍ ഇതുവരെ സോഷ്യല്‍ മീഡിയ ടീമിന് ശമ്പളമായി നല്‍കിയത് 6.40 കോടി രൂപ. ഉമ്മന്‍ ചാണ്ടിയെ മറികടന്നാണ് പിണറായി ഫേസ് ബുക്കില്‍ ഒന്നാമത് ആയത്. 11 ലക്ഷം പേരാണ് ഉമ്മന്‍ ചാണ്ടിയുടെ പേജ് പിന്തുടരുന്നത്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ് ബുക്ക് പേജും 11 ലക്ഷം പേര്‍ പിന്തുടരുന്നുണ്ട്. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയായ സിപിഎമ്മിന്റെ കേരള പേജിന് ആകെ 7.68 ലക്ഷം ഫോളോവേഴ്‌സാണുള്ളത്.

മുഖ്യമന്ത്രിയെ 16 ലക്ഷം പേര്‍ പേജ് പിന്തുടരുന്നുണ്ടെങ്കിലും 1 ശതമാനം പേര്‍ പോലും പിണറായിയുടെ ഫേസ് ബുക്ക് പോസ്റ്റിനോട് പ്രതികരിക്കുന്നില്ല എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.