കാസർകോട്: റിയാസ് മൗലവി കൊലക്കേസിൽ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചുവെന്ന് വിധിപ്പകർപ്പ്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു. വസ്ത്രത്തിൽ പുരണ്ട രക്തക്കറയുടെ ഡി.എൻ.എ പരിശോധന നടത്തിയില്ലെന്നും അന്വേഷണം ഏകപക്ഷീയമായിരുന്നെന്നും വിധിന്യായത്തിൽ പറയുന്നു.
- ആര്‍എസ്എസ് ബന്ധം തെളിയിക്കാനായില്ല
- അന്വേഷണം നിലവാരമില്ലാത്തത്
- മുറിയില്‍നിന്ന് കണ്ടെടുത്ത ഫോണും മെമ്മറി കാര്‍ഡുകളും പരിശോധിച്ചില്ല
- തെളിവെടുപ്പില്‍ ഗുരുതര വീഴ്ചയുണ്ടായി
നിലവാരമില്ലാത്ത രീതിയിൽ ഏകപക്ഷീയമായാണ് അന്വേഷണം നടന്നതെന്നും റിയാസ് മൗലവിയുടെ റൂമിൽ നിന്നും കണ്ടെടുത്ത മൊബെെൽ ഫോണുകളിലെ സിം കാർഡും മെമ്മറി കാർഡും പരിശോധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികൾക്ക് മുസ്ലിം സമുദായത്തോടുള്ള വെറുപ്പ് കൊലയ്ക്ക് കാരണമായിയെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാൽ ഇത് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടുവെന്നും വിധിപ്പകർപ്പിൽ പറയുന്നു. പ്രതികൾക്ക് ആർഎസ്എസുമായി ബന്ധമുണ്ട് എന്നതിന് തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും കോടതി അറിയിച്ചു.
കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്ജിയാണ് കെ.കെ ബാലകൃഷ്ണൻ.
കേസില്‍ ആർഎസ്എസ് പ്രവർത്തകരായ അജേഷ്, നിതിൻ കുമാർ, അഖിലേഷ് എന്നിവരെയാണ് കോടതി വെറുതെവിട്ടത്. കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 2017 മാർച്ച് 20ന് ആണ് മദ്രസാ അദ്ധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെട്ടത്. കേസിലെ ഗൂഢാലോചന പുറത്തുവരണം, വിധിയിൽ അപ്പീൽ പോകണമോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി.