മുകേഷ് MLA: വെള്ളിത്തിരയിലെ അഭിനേതാവ്, നിയമസഭയിലെ കാഴ്ചക്കാരൻ

മുകേഷ് എംഎല്‍എ

കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ എം മുകേഷ് സന്ദര്‍ശിച്ചത് കൊല്ലത്തെ കശുവണ്ടി തൊഴിലാളികളെയായിരുന്നു. തന്റെ അമ്മുമ്മ ഒരു കശുവണ്ടി തൊഴിലാളിയായിരുന്നെന്നും അമ്മുമ്മയുടെ കൈയിലെ അണ്ടിക്കറയുടെ മണം ഇപ്പോഴും തനിക്ക് ഓര്‍മ്മയുണ്ടെന്നുമായിരുന്നു മുകേഷ് അവരോട് പറഞ്ഞത്.

എന്നാല്‍, ആ കശുവണ്ടി തൊഴിലാളിയുടെ ചെറുമകന്‍ നിയമസഭയില്‍ അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ പൂജ്യമെന്നതായിരിക്കും ഉത്തരം. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കശുവണ്ടി തൊഴിലാളികളുടെ എന്നുമാത്രമല്ല, കൊല്ലത്തെ മറ്റേതെങ്കിലും വിഷയത്തില്‍ നിയമസഭയിലെ മുകേഷിന്റെ ഇടപെടല്‍ പരിതാപകരമാണ്.

അതായത്, സിനിമയാണോ എംഎല്‍എ ഉത്തരവാദിത്തമാണോ പ്രധാനമെന്ന് പരിശോധിച്ചാല്‍ മുകേഷിന് അഭിനയമാണ് പ്രധാനമെന്ന് മനസ്സിലാകും. കാരണം സഭയിലെ പ്രകടനം തന്നെ. സമ്മേളന ദിവസങ്ങളില്‍ നിയമസഭയില്‍ വരും, ഉണര്‍ന്നിരിക്കും, ഇടക്ക് ഉറങ്ങും, പോകും ഇങ്ങനെ പതിവ് കലാപരിപാടികളില്‍ ഒതുങ്ങും മുകേഷിന്റെ നിയമസഭാ പ്രവര്‍ത്തനം.

കൊല്ലത്തെ കശുവണ്ടി മേഖലയുടെയും മത്സ്യത്തൊഴിലാളി മേഖലയുടെയും പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലയളവിലെ 10 നിയമസഭാ സമ്മേളനങ്ങളിലും ഒരു സബ്മിഷനോ ശ്രദ്ധ ക്ഷണിക്കലോ പോലും എം മുകേഷ് എംഎല്‍എ ഉന്നയിച്ചിട്ടില്ല.

മണ്ഡലത്തിലെ ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു പരിഹാരം കാണുന്നതിന് എംഎല്‍എമാര്‍ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന പാര്‍ലമെന്ററി നടപടിയാണ് ശ്രദ്ധക്ഷണിക്കലും സബ്മിഷനും. എം മുകേഷ് എംഎല്‍എ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലയളവില്‍ ആകെ ഉന്നയിച്ചിട്ടുള്ളത് നാഷണല്‍ ഹൈവേയെ സംബന്ധിച്ച ഒരു സബ്മിഷന്‍ മാത്രമാണ്.

വെള്ളിത്തിരയിലെ അഭിനേതാവ്, സഭയിലെ കാഴ്ചക്കാരന്‍ മാത്രമായി ഒതുങ്ങിയെന്ന് പറയേണ്ടി വരും. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളില്‍ സഭയുടെ ശ്രദ്ധ ക്ഷണിച്ച് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല തീരുമാനം ഉണ്ടാക്കുന്നതിന് എംഎല്‍എമാര്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന പാര്‍ലമെന്ററി ടൂള്‍ ആണ് ശ്രദ്ധ ക്ഷണിക്കലും സബ് മിഷനും.

ശ്രദ്ധ ക്ഷണിക്കല്‍ ഒരു ദിവസം രണ്ടെണ്ണമാണ് അനുവദിക്കുന്നത്. ഭരണകക്ഷിയില്‍ നിന്ന് ഒന്ന് പ്രതിപക്ഷത്ത് നിന്ന് ഒന്ന്. ഒരു ദിവസം 10 സബ്മിഷന് അനുവദിക്കും. സഭയുടെ അംഗങ്ങളുടെ എണ്ണത്തിന് ആനുപാതികമായാണ് സബ്മിഷന്‍ ലഭിക്കുന്നത്. അതുകൊണ്ട് എണ്ണം കൂടുതല്‍ ഉള്ള ഭരണപക്ഷത്തിന് പ്രതിപക്ഷത്തേക്കാള്‍ കൂടുതല്‍ സബ്മിഷന്‍ ലഭിക്കും. എന്നിട്ടും ഭരണപക്ഷ എംഎല്‍എയുടെ കൊല്ലം ജില്ലയ്ക്കുവേണ്ടിയുള്ള നിയമസഭാ ഇടപെടലുകല്‍ പരിതാപകരം തന്നെയെന്ന് പറയേണ്ടി വരും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments