പൊന്നാനിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.എസ്. ഹംസക്കുവേണ്ടി മുസ്ലിംലീഗ് മുന്‍ എംഎസ്എഫ് നേതാക്കള്‍ പ്രചാരണത്തിനിറങ്ങാന്‍ സാധ്യത മുന്നില്‍ കണ്ട് തിരുത്തല്‍ നടപടിയുമായി മുസ്ലിം ലീഗ് നേതൃത്വം.
മുസ്ലിംലീഗിനെ സംഘടനാപരമായും ആശയപരമായും പിടിച്ചുകുലുക്കി ഹരിത വിവാദവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട എം.എസ്.എഫ്. നേതാക്കളായിരുന്നവരെയാണ് തിരിച്ചെടുക്കുന്നത്. ലത്തീഫ് തുറയൂര്‍, ഫവാസ് എന്നിവരെ തിരിച്ചെടുക്കാനാണ് പാര്‍ട്ടി ധാരണ. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ഖേദം പ്രകടിപ്പിച്ച് ഇരുവരും നേതൃത്വത്തിന് കത്തയച്ചുവെന്നാണ് അറിയുന്നത്.
മുസ്ലിം ലീഗിനെ പിടിച്ചുലച്ച ഹരിത വിവാദ സമയത്ത് അന്നത്തെ എം.എസ്.എഫ്. ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, സെക്രട്ടറി ഫവാസ് ഏറനാട് ഉള്‍പ്പെടെയുള്ളവര്‍ വനിതാ നേതാക്കളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇവരെ ലീഗ് നേതൃത്വം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇപ്പോള്‍ ലത്തീഫിനേയും ഫവാസിനേയും തിരിച്ചെടുക്കാനുള്ള ധാരണയാണ് ലീഗ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.
പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ഥി കെ.എസ്. ഹംസയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ലത്തീഫും ഫവാസും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാനുള്ള നീക്കവും ഇവര്‍ക്കിടയില്‍ നടക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഒപ്പം തന്നെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയും ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായി എന്നാണ് സൂചന.
ഇതൊക്കെ കണക്കിലെടുത്താണ് അടിയന്തരമായി ഇവരെ തിരികെ പാര്‍ട്ടിയില്‍ എടുക്കാന്‍ ധാരണ ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് ഇവരെ തിരിച്ചെടുക്കുന്നതില്‍ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. ഇവരെ തിരിച്ചെടുക്കുന്നതിന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടന്നിട്ടുണ്ട്. പുറത്താക്കിയവരുടെയും പുറത്താക്കപ്പെട്ടവരുടെയും ന്യായങ്ങള്‍ പരിഗണിക്കണമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാട്.
ഫാത്തിമ തെഹ്ലിയ, നജ്മ തബിഷീറ, മുഫീദ തസ്‌നി എന്നിവരെയും തിരിച്ചെടുക്കാന്‍ ആലോചിക്കുന്നുണ്ട്. ഇവര്‍ ഇടതുമുന്നണിക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയാല്‍ സമുദായത്തിലെ യുവാക്കള്‍ക്കിടയില്‍ കാര്യമായ സ്വാധീനം ഉണ്ടാകുമെന്ന കണക്കുകൂട്ടിലിലാണ് തെരഞ്ഞെടുപ്പ് കാലത്തെ പാര്‍ട്ടി നടപടികള്‍.