ബംഗളൂരു: ഭര്‍ത്താവ് വാതുവെയ്പ്പില്‍ കോടികള്‍ നഷ്ടപ്പെടുത്തിയതില്‍ മനംനൊന്ത് 23കാരിയായ യുവതി ജീവനൊടുക്കി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റുമായി ബന്ധപ്പെട്ടാണ് ബംഗളൂരുവില്‍ എന്‍ജിനീയറായ ദര്ശന് ബാബു വാതുവെയ്ച്ച് പണം നഷ്ടപ്പെടുത്തിയത്.
2021 മുതല്‍ ഇയാള്‍ വാതുവെയ്പ്പ് നടത്താറുണ്ടെന്ന് രഞ്ജിതയുടെ പിതാവ് പോലീസിനോട് പറഞ്ഞു. മാര്‍ച്ച് 18നാണ് യുവതിയെ കര്‍ണാടക ചിത്രദുര്‍ഗയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടക്കാരുടെ ശല്യവും ഭീഷണിയും സഹിക്കാനാകാതെ മനംനൊന്താണ് മകളുടെ ആത്മഹത്യയെന്നാണ് പിതാവ് പറയുന്നത്.
രണ്ടുകോടിയോളം രൂപയാണ് ദര്ശന് ബാബു വാതുവെയ്പ്പിലൂടെ നഷ്ടപ്പെടുത്തിയത്. ഇതിലേറെയും ചെക്ക് ലീഫ് ഗ്യാരന്റിയായി നല്കി വാങ്ങിയ കടമായിരുന്നു. ഒരുകോടിയോളം രൂപ പലപ്പോഴായി തിരികെ നല്‍കിയെങ്കിലും 84 ലക്ഷം രൂപയുടെ ബാധ്യത ഇപ്പോഴും ബാക്കിയുണ്ടെന്നാണ് രഞ്ജിതയുടെ കുടുംബക്കാര് പറയുന്നത്.
2020ലാണ് ഇരുവരുടെയും വിവാഹം നടന്നത്. ഭര്‍ത്താവിന്റെ വാതുവെയ്പ്പിനെക്കുറിച്ചും കടത്തെക്കുറിച്ചും രഞ്ജിത മനസ്സിലാക്കുന്നത് 2021ലായിരുന്നുവെന്ന് പിതാവ് വെങ്കടേഷ് പറയുന്നു.
പെട്ടെന്ന് കോടികള്‍ സമ്പാദിക്കാനുള്ള വഴിയെന്ന് ചിലര്‍ പറഞ്ഞതുവിശ്വസിച്ചാണ് ദര്ശന് ബാബു വാതുവെയ്പ്പ് ആരംഭിച്ചത്. ആത്മഹത്യാകുറിപ്പില്‍ ഭീഷണികളെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും വിശദീകരിച്ചുണ്ടെന്ന് പോലീസ് അറിയിച്ചു. ദമ്പതികള്‍ക്ക് രണ്ട് വയസ്സുള്ള ഒരു മകനാണ്.