ദില്ലി: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ നീക്കം പരാജയപ്പെട്ടു. ദില്ലിയിലെത്തിയ എസ് രാജേന്ദ്രന്‍ മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി. ഇതിടെ സിപിഎം മുന്‍ എംഎല്‍എ ബിജെപിയില്‍ ചേരുമെന്ന ആഭ്യൂഹങ്ങള്‍ ശക്തമായി.
ദില്ലിയില്‍ പ്രകാശ് ജാവദേക്കറുടെ വസതിയിലെത്തിയാണ് രാജേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയത്. ഇന്ന് ഉച്ചക്കുശേഷമാണ് കൂടിക്കാഴ്ച നടത്തിയത്. തമിഴ്‌നാട്ടിലെ നേതാക്കളും കൂടെയുണ്ടായിരുന്നു. കൂടിക്കാഴ്ചക്കുശേഷം എസ് രാജേന്ദ്രന്‍ ദില്ലിയില്‍ തുടരുകയാണ്. 20 മിനുട്ടോളം കൂടിക്കാഴ്ച നീണ്ടു.
കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളും ദില്ലയിലുണ്ട്. കേന്ദ്ര നേതാക്കളുമായി കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ചര്‍ച്ച നടത്തുന്നുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷമായിരിക്കും ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുകയെന്നാണ് വിവരം.
ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബിജെപിയുടെ കേരളത്തിലെ സംഘടന ചുമതലയുള്ള നേതാവാണ് ജാവദേക്കര്‍. കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലിനെ ബിജെപി സ്വീകരിക്കുന്ന ചടങ്ങില്‍ ഉള്‍പ്പെടെ പങ്കെടുത്ത മുതിര്‍ന്ന നേതാവാണ് രാജ്യസഭ എംപികൂടിയായ പ്രകാശ് ജാവദേക്കര്‍.
നേരത്തെ ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ എസ് രാജേന്ദ്രന്‍ പങ്കെടുത്തിരുന്നു. മുതിര്‍ന്ന സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലായിരുന്നു കണ്‍വെന്‍ഷനില്‍ രാജേന്ദ്രന്‍ പങ്കെടുത്തത്. ഇതോടെയാണ് ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലികമായി വിരാമം ആയിരുന്നു. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എസ് രാജേന്ദ്രന്‍, പക്ഷേ പാര്‍ട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല.
ദിവസങ്ങള്‍ക്ക് മുമ്പ് ഇടുക്കിയിലെ മുതിര്‍ന്ന സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണിയും, സിപിഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസും രാജേന്ദ്രനുമായി വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് പാര്‍ട്ടി പരിപാടിയില്‍ എസ് രാജേന്ദ്രന്‍ പങ്കെടുക്കുന്നത്. പാര്‍ട്ടിയുമായി സഹകരിച്ച് മുന്നോട്ട് പോകണമെങ്കില്‍ ചില നിബന്ധനകള്‍ എസ് രാജേന്ദ്രന്‍ നേരത്തെ മുന്നോട്ടുവച്ചിരുന്നു.