- – പി.ജെ. റഫീഖ് –
തിരുവനന്തപുരം: കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട് ഇടതുമുന്നണി. ജനങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങളില്‍ അതിശക്തമായ ഭരണവിരുദ്ധ വികാരം നേരിട്ടറിഞ്ഞതോടെ ജയിക്കാനുള്ള പുത്തന്‍ വഴികള്‍ തേടുകയാണ് സിപിഎം.
അതേസമയം, ലോകസഭ തെരഞ്ഞെടുപ്പ് ഫലം പിണറായിക്ക് ഏറെ നിര്‍ണായകമാകും. യുഡിഎഫ് 20 ല്‍ 20 സീറ്റും നേടിയാല്‍ പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങേണ്ടിവരും. പുറത്തുവന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ എല്ലാം യു ഡി എഫിന് അനുകൂലമാണ്.
സംസ്ഥാനത്ത് പിണറായി വിരുദ്ധ വികാരം അതിശക്തമാണ് എന്ന് സര്‍വേ റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നു. തുടര്‍ഭരണം പിടിച്ച് ചരിത്രം രചിച്ച പഴയ പിണറായി അല്ല ഇപ്പഴത്തെ പിണറായി. കെ റെയില്‍ മുതല്‍ കുടുംബാഗംങ്ങള്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ വരെ നേരിട്ട മുഖ്യമന്ത്രിക്ക് ഉചിതമായ മറുപടി കൊടുക്കാനുള്ള അവസരമായാണ് മലയാളികള്‍ ലോക്സഭാ തെരഞ്ഞെടുപ്പിനെ കാണുന്നത്. കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ അക്രമം അഴിച്ചുവിടുന്ന പാര്‍ട്ടി ഗുണ്ടകള്‍ക്കും വിദ്യാര്‍ത്ഥികളെ ദ്രോഹിക്കുന്ന എസ്എഫ്ഐക്കും തിരിച്ചടി കൊടുക്കുന്ന തരത്തിലായിരിക്കും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുപോലെ യുഡിഎഫ് അപ്രമാദിത്വമാണ് സംഭവിക്കുന്നതെങ്കില്‍ സിപിഎമ്മിന് പിണറായി വിജയനെ മാറ്റി ഒരു തെറ്റുതിരുത്തലിനുള്ള വഴിതേടേണ്ടി വരും.
തുടര്‍ഭരണത്തിലേറി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആര്‍ക്കും വേണ്ടാത്ത കെ റയില്‍ നടപ്പിലാക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയതോടെ പിണറായിയുടെ ഹീറോ പരിവേഷം വില്ലന്‍ പരിവേഷത്തിലേക്ക് മാറി. 2 ലക്ഷം കോടിയുടെ കെ റയില്‍ പദ്ധതി അഴിമതി ലക്ഷ്യമിട്ട് ഉള്ളതായിരുന്നുവെന്ന വിശ്വാസം ജനങ്ങളില്‍ ശക്തിപ്പെട്ടു.
പരിസ്ഥിതിക്ക് ദോഷം വരുന്ന കേരളത്തെ രണ്ടായി തിരിക്കുന്ന കെ റയിലിനെതിരെ ജനങ്ങള്‍ കക്ഷി രാഷ്ട്രിയഭേദമെന്യേ പ്രതിഷേധവുമായി രംഗത്ത് വന്നു. പോലിസിനെ ഉപയോഗിച്ച് മര്‍ക്കടമുഷ്ടിയോടെ കെ റെയില്‍ വിരുദ്ധ സമരക്കാരെ തല്ലി ഒതുക്കാനായിരുന്നു പിണറായിയുടെ ശ്രമം. നാഭിക്ക് ചവിട്ടു പോലുള്ള മൃഗിയ പീഢനങ്ങള്‍ ലഭിച്ചിട്ടും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ശക്തമായ പ്രതിഷേധം തുടര്‍ന്നു.
കെ റെയില്‍ വിരുദ്ധ സമരത്തിന് നിയമസഭക്ക് അകത്തും പുറത്തും ശക്തമായ നേതൃത്വം കൊടുക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തില്‍ യു.ഡി.എഫിന് കഴിഞ്ഞു. രഹസ്യമായ കെ റെയില്‍ ഡി.പി.ആര് പുറത്ത് കൊണ്ട് വന്നത് പ്രതിപക്ഷം ആയിരുന്നു.
തൃക്കാക്കരയിലെ യു.ഡി.എഫിന്റെ റെക്കോഡ് വിജയത്തിനു പിന്നില്‍ പിണറായിയുടെ ‘കെ റയില്‍ വരും കേട്ടോ’ പ്രസംഗം വഹിച്ച പങ്ക് എടുത്ത് പറയേണ്ടതാണ്. കെ റെയിലില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ പോലും നാളിതു വരെയായി പിണറായി തയ്യാറായിട്ടില്ല.
കെ ഫോണ്‍, എഐ ക്യാമറ അഴിമതി ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കു നേരെ മാത്രമല്ല കുടുംബാംഗങ്ങള്‍ക്കെതിരെ വരെ ഉയര്‍ന്നു. ഫലപ്രദമായി ഇതിനൊന്നും മറുപടി പറയാന്‍ പിണറായിക്കായില്ല. അഴിമതി നടത്തി എന്ന് പ്രതിപക്ഷം പുറത്ത് വിട്ട തെളിവുകള്‍ അത്ര ശക്തമായിരുന്നു.
മകള്‍ വീണ വിജയന് പിന്നാലെ മകന് വിവേക് വിജയന്റെ പേരും എഐ ക്യാമറ അഴിമതിയില്‍ പൊങ്ങി വന്നു. വിവേകിന്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവിന് ബന്ധമുള്ള പ്രസാഡിയോ കമ്പനിക്കാണ് എഐ ക്യാമറ ഇടപാടിലെ ഭൂരിഭാഗം ലാഭവും ലഭിച്ചത്.
തുടര്‍ന്ന് വീണ വിജയന്റെ മാസപ്പടി വിവാദവും സര്‍ക്കാരിന്റെയും പിണറായിയുടേയും മുഖം വികൃതമാക്കി. കരിമണല്‍ കര്‍ത്താ ഉള്‍പ്പെടെയുള്ള എട്ടോളം കമ്പനികള്‍ വീണ വിജയന് മാസപ്പടി നല്‍കിയെന്ന റിപ്പോര്‍ട്ട് കമ്യൂണിസ്റ്റുകാരെ പോലും ഞെട്ടിച്ചു. എന്റെ കൈകള്‍ ശുദ്ധമാണ് എന്ന പിണറായിയുടെ പതിവ് പല്ലവികള്‍ ജനങ്ങള്‍ മുഖവിലക്ക് എടുത്തില്ല.
സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ക്ലിഫ് ഹൗസിലെ കാലിതൊഴുത്തിനും ചാണക കുഴിക്കും നീന്തല്‍കുളത്തിനും ലിഫ്റ്റിനും കര്‍ട്ടനും ഉള്‍പ്പെടെ 3 കോടിയോളം രൂപ ചെലവാക്കി നടത്തിയ ധൂര്‍ത്ത് സമാനതകള്‍ ഇല്ലാത്തതായിരുന്നു.
മറുവശത്ത് ക്ഷേമ പെന്ഷന് മുടങ്ങി. കര്‍ഷക ആത്മഹത്യകള്‍ പെരുകി. വന്യമൃഗങ്ങള്‍ വീടിനകത്ത് കയറി ആളുകളെ കൊന്നൊടുക്കി. ഒരു ചെറുവിരല്‍ പോലും ഇതിനെതിരെ ഉയര്‍ത്താന്‍ പിണറായിക്കായില്ല. അമേരിക്കന്‍ ചികില്‍സയില്‍ ആരോഗ്യം വീണ്ടെടുക്കാന്‍ ശ്രമിച്ച പിണറായിക്ക് തൊട്ടതെല്ലാം പിഴച്ചു. കോടികണക്കിന് രൂപ മുടക്കി നടത്തിയ കേരളീയ ത്തോടും നവ കേരള സദസിനോടും ജനങ്ങള്‍ മുഖം തിരിച്ചു.
വിഴിഞ്ഞത്ത് ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ള കേരളത്തിന്റെ സ്വന്തം സൈന്യത്തോടും ഒരു കരുണയും പിണറായി കാണിച്ചില്ല. 300 ഓളം കേസുകള്‍ എടുത്തു. തെരഞ്ഞെടുപ്പ് ആയപ്പോള്‍ പേരിന് 150 കേസ് പിന്‍വലിച്ചു എങ്കിലും ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെ ഏഴോളം ബിഷപ്പുമാര്‍ ഇപ്പോഴും പ്രതിപട്ടികയിലാണ്. തീരവും വനവും പിണറായി ഭരണത്തില്‍ രോഷത്തിലാണ്. വന്യമൃഗശല്യത്തില്‍ നിന്നും തീരദേശ ജനതക്കും വേണ്ടി ബിഷപ്പുമാര്‍ റോഡിലിറങ്ങി പ്രതിഷേധിക്കുന്നതിനും കേരളം സാക്ഷ്യം വഹിച്ചു.
പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ എടുത്ത കേസ് പിന്‍വലിക്കാത്തതും പിണറായിക്ക് തിരിച്ചടിയായി.പ്രതിച്ഛായ നഷ്ടപ്പെട്ട പിണറായിയെ മുന്നില്‍ നിറുത്തി ലോകസഭ പോരാട്ടത്തിനിറങ്ങുന്ന ഇടതുമുന്നണിയെ കാത്തിരിക്കുന്നത് ശക്തമായ ജനരോഷമാണ്. വൈദ്യുതി ചാര്‍ജ് പല തവണ വര്‍ദ്ധിപ്പിച്ചും വെള്ളക്കരം കൂട്ടിയും ബസ് ചാര്‍ജ് വര്‍ധിപ്പിച്ചും സാധനങ്ങളുടെ വില റോക്കറ്റ് പോലെ ഉയര്‍ത്തിയും പോക്കറ്റ് കാലിയായ ജനങ്ങളുടെ മുന്നിലേക്കാണ് പിണറായിയും സംഘവും വോട്ട് ചോദിച്ച് ഇറങ്ങുന്നത്.
6000 കോടിയുടെ അധിക നികുതിയാണ് ബജറ്റില്‍ അടിച്ചേല്‍പ്പിച്ചത്. ഒരു രൂപ പോലും അധിക നികുതിയില്‍ കുറയ്ക്കില്ല എന്ന പിണറായിയുടെ ഉഗ്രശബ്ദം ജനങ്ങളുടെ കാതുകളില്‍ പ്രകമ്പനം പോലെ ഇന്നും മുഴങ്ങുന്നുണ്ട്. തുടര്‍ഭരണം തന്ന ജനങ്ങളുടെ മേല്‍ കൂടുതല്‍ വിനയാന്വിതനാകേണ്ടതിന് പകരം അഹങ്കാരം തലക്ക് പിടിച്ച മാതിരി പിണറായി മാറി. ശിഷ്യന്മാരായ എസ്എഫ്ഐക്കാരുടെ കാര്യം പറയാനും ഇല്ല. എല്ലാ വിഭാഗം ജനങ്ങളെയും വെറുപ്പിച്ചു. റെക്കോഡ് ഭൂരിപക്ഷം കിട്ടിയാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ഞെട്ടരുത്. അത്രക്ക് ശക്തമാണ് കേരളത്തില്‍ പിണറായി വിരുദ്ധ വികാരമെന്നാണ് വിലയിരുത്തല്‍.