ഡൽഹി: ഗ്രാൻഡ്മാസ്റ്റർ ആർ. പ്രജ്ഞാനന്ദയുടെ കുടുംബത്തിന് ആനന്ദ് മഹീന്ദ്ര ഇലക്ട്രിക് കാർ സമ്മാനിച്ചു . മഹീന്ദ്ര എസ്‌യുവി 400-ആണ് പ്രജ്ഞാനന്ദയ്‌ക്കും കുടുംബത്തിനും ആനന്ദ് മഹീന്ദ്ര സമ്മാനമായി നൽകിയത്. വാഹനം സമ്മാനിച്ചതിന് ഗ്രാൻഡ്മാസ്റ്റർ ആനന്ദ് മഹീന്ദ്രക്ക് നന്ദി അറിയിക്കുകയും ചെയ്തു. ‘എസ്‌യുവി 400 ലഭിച്ചു.
മാതാപിതാക്കൾ വളരെ സന്തോഷത്തിലാണ്. നന്ദി ആനന്ദ് മഹീന്ദ്ര, സർ എന്ന അടിക്കുറിപ്പോടെ സമൂഹമാദ്ധ്യമമായ എക്‌സിൽ എസ്‌യുവിക്ക് ഒപ്പമുള്ള തന്റെ കുടുംബത്തിന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് ആനന്ദ് മഹീന്ദ്ര പ്രജ്ഞാനന്ദയുടെ കുടുംബത്തിന് കാർ സമ്മാനിക്കുമെന്ന് എക്‌സിലൂടെ അറിയിച്ചത്.
പ്രജ്ഞാനന്ദക്കും സഹോദരിക്കും വിജയങ്ങൾ കീഴടക്കാനുള്ള പ്രചോദനം നൽകുന്നത് മാതാപിതാക്കളായ നാഗലക്ഷ്മിയും രമേഷ്ബാബുവുമാണ്. അതുകൊണ്ട് ഇരുവർക്കും പ്രചോദനം നൽകാനായി താൻ എസ്‌യുവി 400 നൽകാൻ ആഗ്രഹിക്കുന്നുവെന്നാണ് ആനന്ദ് മഹീന്ദ്ര എക്‌സിൽ കുറിച്ചത്.