ന്യൂഡൽഹി:ഇലക്ടറൽ ബോണ്ടിലെ സുപ്രിംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ. മോദിയുടെ രാഷ്ട്രീയ അഴിമതി അവസാനിപ്പിക്കാൻ സഹായിക്കുന്ന നിർണായക ചുവടാണിതെന്ന് സിപിഎം പറഞ്ഞു. എസ്ബിഐ കോടതി ഉത്തരവ് പാലിച്ചില്ലെങ്കിൽ സിപിഎം നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ദേശീയ ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി പറഞ്ഞു. തോറ്റ പാർട്ടികൾ അട്ടിമറിയിലൂടെയും കുതിരക്കച്ചവടത്തിലൂടെയും അധികാരത്തിൽ വരുന്നത് തടയാൻ സഹായിക്കുമെന്നും ചൂണ്ടിക്കാട്ടി.
ഇലക്ടറൽ ബോണ്ട് സംവിധാനം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണെന്നു തെളിയുമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ബോണ്ട് വഴി കിട്ടിയ പണം മൂടി വെക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.
അതേ സമയം ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ കൈമാറാനുള്ള സമയപരിധി നീട്ടി നൽകണമെന്ന എസ്.ബി.ഐ ആവശ്യം സുപ്രിംകോടതി ഇന്ന് തള്ളി. നാളെ വൈകുന്നേരത്തിനുള്ളിൽ വിവരങ്ങൾ കൈമാറാനാണ് കോടതി നിർദേശം. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ബോണ്ടുകളുടെ വിവരങ്ങൾ നൽകാൻ ജൂൺ 30 വരെ സമയംതേടി എസ്.ബി.ഐ സമർപ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് തള്ളിയത്.
ബോണ്ട് വിവരങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെടുന്ന വിധി വന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും അത് നടപ്പാക്കുന്നതിന് എന്ത് നടപടിയാണ് എസ്.ബി.ഐയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സുപ്രിംകോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് ബോണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എസ്.ബി.ഐയുടെ മുംബൈ ബ്രാഞ്ചിൽ ഉണ്ടെന്നും അത് പരസ്യപ്പെടുത്താനാണ് നിർദേശിച്ചിരുന്നതെന്നും കോടതി പറഞ്ഞു.
അതേ സമയം ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ ഉടൻ വെളിപ്പെടുത്താനുള്ള സുപ്രിംകോടതി ഉത്തരവ് ഭരണകക്ഷിയായ ബി.ജെ.പിക്കും വലിയ തിരിച്ചടിയാണ്. ഇലക്ട്രൽ ബോണ്ട് വഴി ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചിരിക്കുന്നത് ബി.ജെ.പിക്കാണ്. അതുകൊണ്ട് തന്നെ വിവരങ്ങൾ വെളിപ്പെടുത്താൻ എസ്.ബി.ഐ കൂടുതൽ സമയം ചോദിച്ചത് ബി.ജെ.പിയെ സഹായിക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പുതിയ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ പുറത്തുവരും.